vaccines

ന്യൂഡൽഹി: പതിനാറ് വർഷത്തിന് ശേഷം വിദേശകാര്യ നയത്തിൽ സുപ്രധാനമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യ. വിദേശരാജ്യങ്ങളിൽ നിന്നുള്ള സമ്മാനങ്ങൾ, സംഭാവനകൾ, സഹായങ്ങൾ എന്നിവ സ്വീകരിക്കാം എന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയനയം. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് പരുങ്ങലിലായ രാജ്യത്തെ ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഹായം പോലും സ്വീകരിക്കാൻ പുതിയ തീരുമാനം ഇന്ത്യയ‌്ക്ക് ഗുണപ്രദമാകും. 16 വർഷങ്ങൾക്ക് മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗാണ്, മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായം ഇന്ത്യ സ്വീകരിക്കുകയില്ലെന്ന നിലപാടെടുത്തത്. സുനാമി സമയത്തു പോലും അയൽ രാജ്യങ്ങൾ വച്ചുനീട്ടിയ സഹായ വാഗ്‌ദ്ധാനങ്ങൾ സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകാത്തത് ഇതുകൊണ്ടായിരുന്നു. എന്നാൽ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്ന് സിംഗ് അന്ന് വ്യക്തമാക്കിയിരുന്നു.

2018ൽ കേരളത്തിൽ പ്രളയമുണ്ടായപ്പോൾ 700 കോടിയുടെ സഹായ വാഗ്‌ദ്ധാനം യുഎഇ നൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ എതിർപ്പ് മൂലം അത് സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാന- കേന്ദ്ര സർക്കാരുകൾ തമ്മിലുള്ള ഉരസലുകൾക്കും ഇത് കാരണമായി.

എന്നാൽ കേന്ദ്രത്തിലെ ഒരു വിഭാഗത്തിന് പുതിയ തീരുമാനത്തോട് എതിർപ്പുണ്ട്. സർക്കാർ ആരോടും സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്നും, ഏതെങ്കിലും സംഘടനയ‌്ക്കോ ഭരണകൂടത്തിനോ സഹായിക്കുന്നതിന് താൽപര്യമുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നാണ് ഇവ‌ർ പറയുന്നത്. സഹായ വാഗ്‌ദ്ധാനങ്ങൾ എന്തുതന്നെയായാലും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വഴി എത്തിക്കണമെന്നാണ് വിദേശരാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ആറരക്കോടി വാക്‌സിനുകളാണ് ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. എൺപതോളം രാജ്യങ്ങൾക്ക് സഹായം എത്തിക്കാൻ അന്ന് മോദി സർക്കാരിന് കഴിഞ്ഞിരുന്നു.