1989 കാലഘട്ടം. അസാമിലെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. അസാമിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാനുള്ള ആഹ്വാനവുമായി ഉൾഫാ തീവ്രവാദികൾ ഭീതി വിതറിയ കാലം. ഉൾഫയുടെ ഭീകരവാഴ്‌ചയിൽ പൊറുതിമുട്ടിയ വേളയിലാണ് അസം സർക്കാർ കേന്ദ്രത്തിന്റെ സഹായം അഭ്യർത്ഥിച്ചത്. അങ്ങനെ സമാധാന പാലനത്തിനായി കരസേനയുടെ പത്തോളം യൂണിറ്റുകൾ തൊട്ടടുത്ത കേന്ദ്രങ്ങളിൽ നിന്ന് അസമിലെത്തി. 'ഒ.പി.ബജരംഗ് ' എന്നു പേരിട്ട ഉൾഫക്കെതിരെയുള്ള സേനയുടെ ആ ഒാപ്പറേഷനിൽ പങ്കെടുക്കുവാനാണ് ഞങ്ങൾ അർദ്ധരാത്രി യാത്ര പുറപ്പെട്ടത്. കായങ്കുളത്തുകാരനായ ഒരു വേലായുധൻ സാബായിരുന്നു ഞങ്ങളുടെ കമ്പനി ജെ.സി.ഒ. യാത്രയിലുടനീളം വേലായുധൻ സാബ് വളരെ അസ്വസ്ഥനായി കാണപ്പെട്ടു. ഒരു വേള എന്നോട് അദ്ദേഹം ഹൃദയം തുറന്നു. 'എന്തു പറയാനാ മാഷെ.. പെൻഷൻ പോകാനിനി മൂന്നു മാസം തികച്ചില്ല. അപ്പൊഴാ ഓരോ ഏടാകൂടങ്ങള്, എന്റെ കാര്യത്തിലെനിക്കു പേടിയില്ല. 65 ലെയും 71ലെയും യുദ്ധം കണ്ടവനാ ഞാൻ. അന്നത്തെ സ്ഥിതിയല്ലല്ലൊ ഇപ്പോൾ. മോൾടെ നിശ്ചയം കഴിഞ്ഞ മാസമാരുന്നു. വിവാഹത്തിനിനി ആറ് മാസം തികച്ചില്ല. !!! സാബ് അർദ്ധോക്തിയിൽ നിർത്തി. നിർത്തി. സാബ് സമാധാനമായിരിക്കണം, പാക് ഭീകരൻമാരെപ്പോലല്ല ഇവർ എന്നാ കേട്ടത്. നേരിട്ടുള്ള മുട്ടലിന് നിൽക്കില്ല, ഭീരുക്കളാ ഞാൻ സാബിനെ സമാധാനിപ്പിച്ചു.
പിറ്റേന്ന് പ്രഭാതത്തോടെ യൂണിറ്റ് അപ്പർ അസമിലെ തേജ്പ്പൂർ പട്ടണത്തിലെത്തിച്ചേർന്നു. ഞങ്ങളവിടെയെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഒരു സന്ദേശമെത്തി; ഉൾഫയുടെ സൗത്ത്‌സോൺ കമാൻഡറായ മനോജ് സൈക്കിയ എന്ന ഭീകരൻ ചരാലിക്കടുത്തുള്ള ബിഹാലി എന്ന ഗ്രാമത്തിലെ ഒരു വീട്ടിലെത്തിയിട്ടുണ്ടെന്ന്. അന്നു രാത്രി തന്നെ അയാളെ ജീവനോടെയോ അല്ലാതെയോ പിടികൂടണമെന്നായിരുന്നു മുകളിൽ നിന്നുള്ള രഹസ്യ നിർദ്ദേശം.
നേരത്തേ തീരുമാനിച്ച പ്രകാരം അർദ്ധരാത്രി തന്നെ കമ്പനി ബിഹാലി ഗ്രാമം വളഞ്ഞു. ഏകദേശം അര മണിക്കൂറെടുത്ത് ഞങ്ങൾ ഭീകരൻ ഒളിച്ചിരിക്കുന്നുവെന്നു സംശയിക്കപ്പെട്ടിരുന്ന വീടിനു സമീപമെത്തി. കമ്പനികമാൻഡർ വീടിനു മുന്നിലെ ഒരു മരത്തിനു പിറകിൽ തന്റെ സ്ഥാനം സുരക്ഷിതമാക്കി നിന്നു. വേലായുധൻ സാബ് തന്റെ 9 m.m.കാർബൺ സ്റ്റെൻ ഗൺ കോക്കു ചെയ്‌ത് മുന്നിലേക്ക് പൊസിഷൻ ചെയ്‌തു. ഒറ്റ
ഫയറിൽ എട്ടാേളം ബുള്ളറ്റുകൾ ഒരുമിച്ചു പായുന്ന ആട്ടോമേറ്റിക് സ്റ്റെൻ ഗണ്ണായിരുന്നു സാബിന്റെ കൈയിലിരുന്നത്. ഗൺ കതകിനു നേരേ ചൂണ്ടി സാബ് വിറകൈയോടെ വാതിലിൽ മുട്ടി. രണ്ടു തവണ മുട്ടിയപ്പോഴേക്കും അകത്തു നിന്നും ചില അനക്കങ്ങൾ കേട്ടു. കതകിന്റെ ഓടാമ്പൽ ഇളകുന്ന ശബ്‌ദം. വാതിൽ മലർക്കെ തുറന്നു. പിന്നിൽ നിന്ന് കമ്പനികമാൻഡർ അലറി ഹാന്റ്സപ്പ് !! അഴിഞ്ഞുലഞ്ഞ രാത്രി വേഷത്തോടെ പെട്ടെന്നു മുന്നിൽ വെളിപ്പെട്ട വീട്ടുകാരനും ഭാര്യയും കൈകൾ ക്ഷണത്തിൽ മുകളിലേക്കുയർത്തി അന്ധാളിച്ചു നിന്നു. അപ്പോഴാണ് എല്ലാരും വിചിത്രമായ ആ കാഴ്‌ച കാണുന്നത്, സുബേദാർ വേലായുധൻ സാബ് തന്റെ കയ്യിലിരുന്ന ഗൺ മുകളിലേക്കുയർത്തിപ്പിടിച്ച് ഹാന്റ്സപ്പ് പൊസിഷനിൽ ഒരു പ്രതിമയെപ്പോലെ നിൽക്കുന്നു. അദ്ദേഹത്തോട് കൈതാഴ‌്ത്താനുള്ള കമ്പനികമാൻഡറുടെ അലർച്ച കേട്ടപ്പോഴാണ് സാബിന് പരിസരബോധമുണ്ടായത്. ജാള്യതയോടെ കൈകൾ താഴേക്കിട്ട് ഒരു കുറ്റവാളിയെപ്പോലെ തല കുനിച്ചു നിന്ന വേലായുധൻ സാബിന്റെ മുഖം ഇപ്പോഴും ഓർമ്മയിലുണ്ട്.
രസകരമായ ഈ ഓപ്പറേഷനു ശേഷം കൃത്യം രണ്ടാഴ്‌ച കൂടിക്കഴിഞ്ഞ് മനോജ് സൈക്കിയ എന്ന കൊടുംഭീകരനെ ജീവനോടെ തന്നെ ബിഹാലിക്കടുത്തുള്ള മറ്റൊരു ഗ്രാമമായ മംഗൾദായിൽ നിന്ന് സൈന്യം പിടികൂടി. വേലായുധൻ സാബ് മൂന്നു മാസങ്ങൾക്കു ശേഷം സുരക്ഷിതനായിത്തന്നെ പെൻഷൻ വാങ്ങി നാട്ടിലേക്കു പോവുകയും ചെയ്‌തു. ഈ സംഭവം വളരെക്കാലത്തേക്ക് ബറ്റാലിയനിൽ ചിരിക്കു വക നൽകിക്കൊണ്ടുമിരുന്നു.
( ലേഖകന്റെ ഫോൺ : 9995462751 )