ബംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച 2000 മുതൽ 3000 വരെ ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയർമാനും മന്ത്രിയുമായ ആർ. അശോക് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇവർ ഫോൺ ഓഫ് ചെയ്‌ത ശേഷം വീട്ടിൽനിന്നും മുങ്ങിയതായാണ് വിവരം. ബംഗളൂരു നഗരത്തിൽ നിന്നുളളവരെയാണ് ഇത്തരത്തിൽ കാണാതായിരിക്കുന്നത്. സർക്കാർ സൗജന്യമായി നൽകുന്ന മരുന്ന് ലഭിക്കണമെങ്കിൽ ഇത്തരം ആളുകൾ ഹോം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. എന്നാൽ അതുണ്ടാകാതെ രോഗം ഗുരുതരമാകുമ്പോൾ ഐ.സി.യു കിടക്കകൾക്കായി വന്ന് ആശുപത്രികളിൽ ബഹളമുണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഈ രോഗികളെ കണ്ടെത്താനായി പൊലീസും ദുരന്ത നിവാരണ അതോറിറ്റിയും ശ്രമം തുടരുകയാണ്. കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികൾ ഫോൺ ഓഫ് ചെയ്‌ത് വീട്ടിൽ നിന്നും പോകരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ഇത്തരത്തിൽ കാണാതാവുന്നവരെ കണ്ടെത്താൻ പത്ത് ദിവസത്തോളമാണ് വേണ്ടി വരുന്നതെന്നും നിലവിലെ സാഹചര്യത്തിൽ ഇത് കൂടുതൽ പ്രയാസകരമാണെന്നും ആർ. അശോക് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ 90 ശതമാനം രോഗികൾക്കും അസുഖം ഭേദമാകുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് രണ്ടാഴ്‌ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 40,000 പുതിയ കേസുകളാണ് സംസ്ഥാനത്ത് ബുധനാഴ്‌ച മാത്രം റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 29,000 കേസുകളും ബംഗളൂരു നഗരത്തിൽ തന്നെയാണ്. 229 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ഇന്നലെ മാത്രം മരണമടഞ്ഞത്.
സംസ്ഥാനത്തെ ആശുപത്രികൾക്ക് മുന്നിൽ കിടക്കകൾ ഒഴിവില്ലെന്ന് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. പ്രതിദിനം രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ താൽക്കാലിക കൊവിഡ് ശ്‌മശാനങ്ങൾ സർക്കാർ സ്ഥാപിക്കുകയാണ്. യേലഹങ്കയിൽ നാലേക്കറോളം സ്ഥലം ഇതിനായി കോർപറേഷൻ നീക്കിവച്ചതായും കോർപറേഷൻ അധികൃതർ അറിയിച്ചു. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ഏർപ്പെടുത്തുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ നാട്ടിലേക്ക് പോകാൻ അന്യ സംസ്ഥാന തൊഴിലാളികൾ വാഹനം അന്വേഷിച്ച് ഇപ്പോഴും നഗരത്തിലെ ബസ് സ്‌റ്റാന്റുകളിൽ എത്തുന്നുണ്ട്.