സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയാണോ നിങ്ങൾ? ബൻജീ ജംപിംഗും സ്കൈ ഡൈവിംഗും ചെയ്യാൻ ഒരിക്കലെങ്കിലും നിങ്ങൾ മോഹിച്ചിട്ടുണ്ടോ? സാഹസിക പ്രിയരെ ലക്ഷ്യമിട്ട് ലണ്ടനിലൊരു സ്വിമ്മിംഗ് പൂൾ നിർമ്മിച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂളിൽ നീന്തുന്നതാണോ വലിയ കാര്യം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ നിങ്ങൾ വിചാരിക്കും പോലൊരു നീന്തൽക്കുളമല്ല ഇത്.
ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്ത്
രണ്ട് കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് സ്‌കൈ പൂളിന്റെ നിർമ്മാണം. താഴ് ഭാഗവും വശങ്ങളും ഗ്ളാസിലാണ് തീർത്തിരിക്കുന്നത്. 1,48,000 ഗാലൺ വെള്ളം നിറയ്ക്കാവുന്ന സ്‌കൈ പൂൾ സമുദ്ര നിരപ്പിൽ നിന്ന് 115 അടി ഉയരത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. 25 മീറ്റർ നീളമുള്ള സ്‌കൈ പൂൾ എച്ച്.എ.എൽ ആർക്കിടെക്ട്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. ലണ്ടനിലെ നൈൻ എൽമ്സ് ആൻഡ് ബാറ്റർസീ പവർ സ്റ്റേഷൻ റീജനറേഷൻ സോണിലെ എംബസി ഗാർഡൻസിലാണ് ഈ ആകാശ സ്വിമ്മിംഗ് പൂൾ ഒരുക്കിയിരിക്കുന്നത്.
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നീന്തൽ അനുഭവം മാത്രമല്ല സ്‌കൈ പൂൾ ഒരുക്കുന്നത്. ലണ്ടനിലെ ഹൗസ് ഓഫ് പാർലമെന്റ്, ലണ്ടൻ ഐ, ലണ്ടൻ നഗരത്തിലെ സിറ്റി സ്‌കൈലൈൻ, യു.എസ് എംബസി തുടങ്ങിയവയുടെ അവിസ്മരണീയമായ കാഴ്ചകളും സ്‌കൈ പൂൾ ഒരുക്കുന്നുണ്ട്. ഈ അത്യാകർഷകമായ സ്‌കൈപൂളിന് പിന്നിൽ അരൂപ് അസ്സോസിയേറ്റ്സിലെ ആർക്കിടെക്ടുകളാണ്. അസാദ്ധ്യം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിക്കുന്ന പല നിർമ്മിതികളുടെയും പിന്നിൽ പ്രവർത്തിച്ച വമ്പൻ ഗ്രൂപ്പ് ആണ് അരൂപ് അസ്സോസിയേറ്റ്സ്. സിഡ്നിയിലെ പ്രശസ്തമായ ഒപ്പേറ ഹൗസിന്റെ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചതും ഇവരുടെ ബുദ്ധിയാണ്.
രസകരമായ മറ്രൊരു വസ്തുത എന്തെന്നാൽ സ്‌കൈപൂൾ യഥാർത്ഥത്തിൽ നിർമ്മിച്ചത് ഇംഗ്ലണ്ടിലല്ല. അമേരിക്കയിലെ കോളറാഡോയിൽ ആണ് സ്‌കൈപൂളിന്റെ വിവിധ ഭാഗങ്ങൾ തയ്യാറാക്കിയത്. പിന്നീട് ഇവ ലണ്ടനിലേക്ക് കൊണ്ടുവരികയായിരുന്നു. വളരെയേറെ ശ്രദ്ധയും നിരവധി ജീവക്കാരും ഒരുപാടു ജോലിസമയവും വേണ്ടി വന്നു സ്‌കൈ പൂൾ സജ്ജീകരിക്കാൻ എന്നാണ് എംബസി ഗാർഡൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്തായാലും ഈ ഗ്ലാസ് പൊട്ടുമോ എന്ന പേടി വേണ്ട. 200 മില്ലിമീറ്റർ കട്ടിയിലാണ് വശങ്ങളിലെ ഗ്ലാസ് പാളികൾ നിർമ്മിച്ചിരിക്കുന്നത്. അടിവശത്തെ ഗ്ലാസ് പാളിക്ക് 300 മില്ലിമീറ്റർ കട്ടിയുണ്ട്. അപ്പോൾ പിന്നെ വ്യത്യസ്തമായ നീന്തൽ അനുഭവം നേരിട്ടാസ്വദിക്കാൻ ലണ്ടനിലേയ്ക്ക് പോവുകയല്ലേ?