തിരുവനന്തപുരം: ഒരേ സ്ഥാപനത്തിൽ ഒരേ തസ്‌തികയിൽ 37 വർഷത്തെ തന്റെ സർവീസ് പൂർത്തിയാക്കി പടിയിറങ്ങുകയാണ് കെ അയ്യപ്പൻ. തിരുവനന്തപുരം സെൻട്രൽ പ്രസിലെ ഗാലി പ്രസ്‌മാൻ എന്ന തസ്‌തികയിലാണ് 37 വർഷം ജോലി ചെയ്‌ത് അയ്യപ്പൻ വിരമിക്കുന്നത്. 30-1-1985ലാണ് അയ്യപ്പന് സർവീസിലിരുന്ന് മരിച്ച തന്റെ പിതാവിന്റെ ജോലി ലഭിക്കുന്നത്.
സെൻട്രൽ പ്രസിൽ ആദ്യ കാലത്ത് പ്രസിലെ ഹാൻഡ് കമ്പോസിഗ് സംവിധാനം നിലവിലുളള സമയത്താണ് ഗാലി പ്രസ് മാൻ എന്ന തസ്‌തിക സൃഷ്‌ടിച്ചത്. ആ തസ്‌തികയിലാണ് അയ്യപ്പൻ ജോലിക്ക് പ്രവേശിക്കുന്നത്. എന്നാൽ 2015ൽ പ്രസിൽ ഡിജിറ്റൽ സംവിധാനം വന്നപ്പോൾ ആ തസ്‌തികയിലേക്കുളള ജോലിയും താരതമ്യേന കുറഞ്ഞു വന്നു. അതുകൊണ്ട് തന്നെ ആ തസ്‌തികയിലേക്ക് ആളെ നിയമിക്കുന്നത് സർക്കാർ നിർത്താലാക്കി.
അയ്യപ്പനായിരുന്നു ആ തസ്തികയിലെ അവസാനത്തെ കണ്ണി. ജോലിയിൽ അയ്യപ്പന്റെ കൂടെയുണ്ടായിരുന്നവർക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് മറ്റ് സ്ഥാനങ്ങളിലേക്ക് സ്ഥാന കയറ്റം കിട്ടി. എന്നാൽ അയ്യപ്പൻ ആ തസ്തികയിൽ തന്നെ തുടർന്നു. സംസ്ഥാനത്ത് സെൻട്രൽ പ്രസിൽ മാത്രമേ ഗാലി പ്രസ്‌മാൻ തസ്തിയയുണ്ടായിരുന്നുള്ളൂ. അയ്യപ്പൻ വിരമിക്കുന്നതോടെ ആ തസ്തികയുമില്ലാതാകും.
ഇക്കാലയളവിൽ തന്നോടൊപ്പം ജോലി ചെയ്ത തന്റെ മേലുദ്യോഗസ്ഥന്റേയും, അയാളുടെ മകന്റേയും യാത്ര അയപ്പ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ അയ്യപ്പന് കഴിഞ്ഞു. കേരള സർക്കാരിന്റെ സർവീസ് ചരിത്രത്തിൽ ലാസ്റ്റ് ഗ്രേഡായി സർവീസിൽ പ്രവേശിച്ച് 37 വർഷവും ഒരു സ്ഥാപനത്തിൽ തന്നെ ജോലി ചെയ്ത് വിരമിക്കുന്ന ഒരു ഖ്യാതിയും അയ്യപ്പനുണ്ട്. വെങ്ങാനൂർ സ്വദേശിയായ അയ്യപ്പൻ നാളെയാണ് വിരമിക്കുന്നത്.