
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന് പുതിയ മാർഗനിർദേശവുമായി ആരോഗ്യവകുപ്പ്. രണ്ടാം ഡോസ് എടുക്കുന്നവർക്ക് മുൻഗണന നൽകാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികൾ നിർമ്മാതാക്കളിൽ നിന്നും വാക്‌സിൻ വാങ്ങണം. ഇപ്പോൾ നൽകിയിട്ടുളള വാക്‌സിൻ 45 വയസ് കഴിഞ്ഞവർക്ക് നൽകണം. നിലവിൽ ലഭിച്ചിട്ടുളള വാക്‌സിന് 250 രൂപയേ വാങ്ങാവൂയെന്നും ഈ മാസം മുപ്പതിന് മുമ്പ് വാക്‌സിൻ കൊടുത്ത് തീർക്കണമെന്നുമാണ് നിർദേശം.
വാക്‌സിനേഷൻ സെന്ററുകളിൽ സെഷൻ ഷെഡ്യൂൾ ചെയ്യുമ്പോൾ രണ്ടാമത്തെ ഡോസ് എടുക്കുന്നവർക്ക് മുൻഗണന നൽകുന്നതാണ്. ഇതിനായി കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വന്ന് തിരക്ക് കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കൊവിഷീൽഡ് വാക്‌സിൻ ആറ് മുതൽ എട്ട് ആഴ്‌ചയ്‌ക്കുളളിലും കൊവാക്‌സിൻ നാല് മുതൽ ആറ് ആഴ്‌ചക്കുളളിലുമാണ് എടുക്കേണ്ടത്.
ഓരോ വാക്‌സിനേഷൻ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കുവാൻ അർഹതയുളളവരുടെ ലിസ്റ്റ് കൊവിൻ പോർട്ടലിൽ ലഭ്യമാകും. ഇതനുസരിച്ച് വാക്‌സിനേഷൻ സെന്ററുകളിലെ മാനേജർമാർ ആശ പ്രവർത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
സ്‌പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാക്കുന്നത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഉണ്ടാക്കുമെന്നതിനാൽ രണ്ടാമത്തെ ഡോസ് എടുക്കാനുളളവർക്ക് മുൻകൂട്ടി തീയതിയും സമയവും നിശ്ചയിച്ച് അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്‌സിനേഷനായി കേന്ദ്രത്തിൽ എത്താൻ പാടുളളൂ. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധത്തിനുളള നടപടികൾ സ്വീകരിക്കുകയും ചെയ്യും.