തിരുവനന്തപുരം: കൊവിഡ് പ്രതിരോധ വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യാനുള്ള കോവിൻ ആപ്പിൽ സ്ളോട്ടുകളും ഓപ്ഷനുകളും കിട്ടുന്നില്ലെന്ന പരാതിക്ക് പരിഹാര നിർദ്ദേശവുമായി കേരള സർവകലാശാലയിലെ കംപ്യൂട്ടർ സെന്റർ വിഭാഗം മുൻ ഡയറക്ടർ ഡോ.വി.അജയകുമാർ. കൊവിൻ ആപ്പ് പരിഷ്‌കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിഹാരം ഇങ്ങനെ
വാക്‌സിൻ എടുക്കുന്നതിനുള്ള തീയതിയും കേന്ദ്രവും ഒഴികെയുള്ള രജിസ്ട്രേഷൻ നടപടികൾ എല്ലാവർക്കും അനായാസം ചെയ്യാം. അതിനാൽതന്നെ രജിസ്ട്രേഷൻ മൊഡ്യൂളിലാണ് പരിഷ്കരണം വേണ്ടത്. ഇതിനായി ഷെഡ്യൂൾ ലിങ്ക് ആണ് പരിഷ്‌കരിക്കേണ്ടത്. രജിസ്റ്റർ ചെയ്യുന്ന വ്യക്തിയുടെ വാക്സിനേഷൻ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഡേറ്റാബേസ് ആയി സൂക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് വാക്സിന്റെ ലഭ്യത എത്രയെന്നത് അതത് വാക്സിനേഷൻ കേന്ദ്രങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. വാക്സിന്റെ ലഭ്യത എത്രയെന്ന് കൃത്യമായ ഇടവേളകളിൽ രജിസ്റ്റർ ചെയ്തവരെ അറിയിക്കുകയും വേണം. വാക്‌സിൻ ലഭിക്കാതെ വരുന്ന പ്രശ്നത്തിന് ഇത് പരിഹാരമല്ലെങ്കിലും വാക്സിൻ കേന്ദ്രങ്ങളിൽ കാത്തിരിക്കുന്ന പ്രായം ചെന്നവർക്ക് ഇതൊരു സഹായമാകും. അതേസമയം, വാക്‌സിൻ എടുക്കുന്നതിന്, ഡോക്ടർമാർ പറയുന്നത് പോലെ മുതിർന്നവർക്ക് തന്നെ ആദ്യ പരിഗണന നൽകുകയും വേണം. കൂടുതൽ പേർക്ക് വാക്സിൻ നൽകുക എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.