ee

മരണം ഇടയ്‌ക്കിടെ

ഉല്ലാസ യാത്രയ്‌ക്കെത്തും
ഇടനാഴിയിൽ ടെസ്റ്റിൻ
ഫലം കാത്തിരിക്കുമ്പോൾ...

മരുന്നിൻ മണം വന്നു
പറയും ഇടയ്‌ക്കിടെ
ചകിതാത്മാക്കൾക്കെല്ലാം
സാന്ത്വനം നൽകും പോലെ...

അന്തരാത്മാവിന്നെല്ലാം
സ്‌പഷ്‌ടമാണീ വാക്കുകൾ
കേവല വ്യായാമങ്ങൾ
ജീവന്റെ നിഘണ്ടുവിൽ...

മൃത്യുവിൻ പാലത്തോള
മെത്തുവാൻ വേണം ധൈര്യം
പാവമീ ദേഹം പാതി
വഴിയിൽ ഇടിഞ്ഞാലോ....

അതിനാൽ തുറക്കട്ടെ
1. ഗുരുദേവ കാവ്യങ്ങൾ,
2. ആരോഗ്യ നികേതനം
ടാഗൂറിൻ ഗീതാഞ്ജലി !...

1. ശ്രീനാരായണ ഗുരുദേവ കൃതികൾ
2. താരാശങ്കർ ബാനർജിയുടെ വിഖ്യാത കൃതി