narendra-modi

ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാൻ സഹായഹസ്‌തവുമായി കരസേന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താത്ക്കാലിക ആശുപത്രികൾ തുടങ്ങാൻ കരസേന തീരുമാനിച്ചു. സൈനിക ആശുപത്രികളിൽ സാധാരണക്കാർക്കും ചികിത്സ നൽകും. കരസേന മേധാവി എം എം നരവാനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയതിനെ തുടർന്നാണ് തീരുമാനം.

രാജ്യത്ത് ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. രോഗികൾ നിറഞ്ഞതിനാൽ ചികിത്സ കിട്ടാതെ ആശുപത്രി പരിസരത്ത് തടിച്ചുകൂടുന്നവരുടെ നിരവധി വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഓക്‌സിജൻ സിലിണ്ടറുമായി ചികിത്സയ്‌ക്ക് ഊഴം കാത്ത് നിൽക്കുന്ന രോഗികളുടെ ദയനീയ കാഴ്‌ചകളും വർദ്ധിക്കുകയാണ്.

അതിനിടെയാണ് ചികിത്സയ്‌ക്ക് താത്ക്കാലിക ആശുപത്രികൾ ഒരുക്കാൻ കരസേന മുന്നിട്ടിറങ്ങുന്നത്. ഇറക്കുമതി ചെയ്യുന്ന ഓക്‌സിജൻ ടാങ്കറുകൾ, വാഹനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ദ്ധ്യം ആവശ്യമാണ്. ഇതിനാവശ്യമായ മനുഷ്യവിഭവശേഷി നൽകാനും കരസേന തീരുമാനിച്ചിട്ടുണ്ട്.