തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായി തുടരുന്ന ജില്ലയിൽ 60 വയസിന് മുകളിലുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് തുടരുന്നു. ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് 60 വയസിന് മുകളിൽ രോഗം ബാധിച്ചവരുടെ എണ്ണം ഏപ്രിൽ നാലാംവാരത്തോടെ 801 ആയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗബാധയാണിത്. ഇവരിൽ പലരും വാക്സിൻ സ്വീകരിച്ചവരാണെന്ന സവിശേഷതയുമുണ്ട്.
ഏപ്രിലിലെ ആദ്യ രണ്ടാഴ്ച 60ന് മുകളിലുള്ള രോഗികളുടെ എണ്ണം 2000ന് മുകളിൽ ആയിരുന്നു. ഏപ്രിൽ മാസത്തിലാകെ ഈ വിഭാഗത്തിലെ രോഗികളുടെ എണ്ണം 15.4 ശതമാനത്തിനും 15നും ഇടയിൽ ആയിരുന്നു. എന്നാൽ, 60ന് മുകളിലുള്ളവരിലെ രോഗബാധ ജനുവരി മുതൽ കുറഞ്ഞിരുന്നു. ഈ വിഭാഗത്തിലെ രോഗികളുടെ എണ്ണം ആഴ്ചയിൽ രോഗികളുടെ 526 ആയിരുന്നത് 200 ആയാണ് കുറഞ്ഞത്. എന്നാൽ, ഏപ്രിൽ മാസം ആരംഭിച്ചതോടെ ഈ വിഭാഗത്തിലെ രോഗികളുടെ എണ്ണം ക്രമേണ ഉയരാൻ തുടങ്ങി. ആദ്യ ആഴ്ച 201ആയിരുന്ന രോഗികളുടെ എണ്ണം ഈ മാസം നാലാമത്തെയും അവാസനത്തേയും ആഴ്ച ആയതോടെ 801 ലേക്കാണ് ഉയർന്നത്.
മരണനിരക്ക്
അതേസമയം, രോഗികളുടെ എണ്ണം ഉയർന്നെങ്കിലും 60ന് മുകളിലുള്ള രോഗികളുടെ മരണനിരക്ക് കുറയുകയാണുണ്ടായത്. മാർച്ചിൽ 3.6 ശതമാനം ആയിരുന്ന ഏപ്രിൽ 1.6 ശതമാനം ആയാണ് കുറഞ്ഞത്. എന്നാൽ, കൊവിഡിന്റെ ആദ്യ തരംഗമുണ്ടായ 2020ൽ ഈ വിഭാഗത്തിൽ മരണനിരക്ക് കൂടുതലായിരുന്നു.
45നും 59നും ഇടയിലുള്ളവർക്കും 60ന് മുകളിലുള്ളവർക്കുമായി ആകെ 11.86 ലക്ഷം പേർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകാനാണ് ജില്ലാ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതുവരെ 5.53 ലക്ഷം പേർക്ക് ആദ്യഘട്ട വാക്സിൻ നൽകിക്കഴിഞ്ഞു. അതായത്, 47 ശതമാനം. എന്നാൽ, രണ്ടാംഘട്ടത്തിൽ ഇതുവരെ 21 ശതമാനം പേർക്ക് മാത്രമെ വാക്സിൻ നൽകാനായിട്ടുള്ളൂ. അതിനിടെ കൊവിഷീൽഡിന്റെ രണ്ടാം ഡോസിന് ബുക്ക് ചെയ്യാനാകാത്തവരാണെങ്കിൽ ആദ്യ ഡോസ് എടുത്ത് 56–ാം ദിനം ജനറൽ ആശുപത്രിയിൽ എത്തിയാൽ വാക്സിൻ നൽകുന്നുണ്ട്. രണ്ടാം ഡോസ് എടുക്കേണ്ടത് 56 ദിവസത്തിനുള്ളിലാണെന്ന മാർഗനിർദ്ദേശം അനുസരിച്ചാണ് അവസാന ദിനമായവർക്കു മാത്രം വാക്സിൻ സ്‌പോട്ട് ബുക്കിംഗിലൂടെ നൽകുന്നത്. ഡി.എം.ഒയുടെ പ്രത്യേക അനുമതി വാങ്ങിയാണ് മാതൃകാപരമായ ഈ ഇടപെടൽ.
എന്നാൽ, പരിമിതമായ എണ്ണം ആളുകൾക്ക് മാത്രമേ ഇത്തരത്തിൽ നൽകാനാവൂ. ഈ മാതൃക എല്ലാ വാക്സിൻ സെന്ററുകളിലും നടപ്പാക്കിയാൽ സാങ്കേതിക പ്രശ്നം നേരിടുന്നവർക്ക് ആശ്വാസമാകും. സാങ്കേതിക പ്രശ്നങ്ങൾ മൂലം രണ്ടാം ഡോസ് ബുക്കിംഗിന് കഴിയാത്തവർക്ക് ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ ഹെൽപ് ഡെസ്‌ക് വഴി വാക്സിൻ വിതരണത്തിന് വഴിയൊരുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നൂറിലേറേപ്പേർ ഈ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്തു.