madras

ചെന്നൈ: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ചീഫ് ജസ്‌റ്റിസ് സഞ്‌ജീബ് ബാനർജിയും ജസ്‌റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിയുമടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്. കൊവിഡ് പ്രതിരോധത്തിലെ വീഴ്‌ചയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്റെ വാദത്തിനിടെയാണ് കോടതിയുടെ വിമ‌ർശനമുണ്ടായത്.

നിലവിലെ കൊവിഡ് സാഹചര്യം അപ്രതീക്ഷിതമായിരുന്നു എന്ന് അഡീഷണൽ സോളിസി‌റ്റർ ജനറൽ കേസിനിടെ വാദിച്ചു. റെംഡെസീവർ മരുന്ന് ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിച്ചെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തുടർന്ന് 'കഴിഞ്ഞ 14 മാസങ്ങളായി കേന്ദ്രം എന്ത് ചെയ്യുകയായിരുന്നു? ഒരു വർഷം സമയം ലഭിച്ചിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം കേന്ദ്രസർക്കാർ നടപടിയെടുക്കുന്നത്? ഒരു വർഷത്തിൽ ഭൂരിഭാഗം സമയവും ലോക്‌ഡൗണായിട്ടും ഇപ്പോഴത്തെ നിരാശാജനകമായ സാഹചര്യം കാണുന്നില്ലേ?' എന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ വരുത്താൻ കേന്ദ്രം കൂടിയാലോചന നടത്തുന്ന വിദഗ്ദ്ധർ ആരാണെന്നും ജൂൺ മാസത്തോടെ നില മെച്ചപ്പെടുമെന്ന വിശ്വാസം മാത്രമാണുള‌ളതെന്നും ചീഫ് ജസ്‌റ്റിസ് സഞ്‌ജീബ് ബാനർജി പറഞ്ഞു. വാക്‌സിൻ വില വിവരത്തെ കുറിച്ചും വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നടത്തേണ്ട കൊവിൻ ആപ്പിന്റെ തകരാറിനെ കുറിച്ചും കോടതി അഡീഷണൽ സോളിസി‌റ്റർ ജനറലിനോട് വിവരങ്ങൾ തിരക്കി. ഇക്കാര്യം നാളെ വിശദമായി അറിയിക്കാമെന്ന് അഡീഷണൽ സോളിസി‌റ്റർ ജനറൽ കോടതിയെ അറിയിച്ചു.

ആശുപത്രി കിടക്കകൾ ലഭ്യമല്ലാത്തതിനെ കുറിച്ചും, ഓക്‌സിജൻ വിതരണത്തിന്റെ താളപ്പിഴകളെപറ്റിയും മതിയായ മരുന്നുകളുടെ അഭാവവും വാക്‌സിനേഷൻ സംബന്ധിച്ചും നിരവധി പരാതികളുണ്ടായതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. കേസ് കൂടുതൽ വാദത്തിനായി നാളെ വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു