vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തിന് കാരണമായ ഇരട്ട ജനിതകമാറ്റം സംഭഴിച്ച ബി1 617 വൈറസ് അടക്കമുള്ളവയുടെ വിശദമായ പഠനത്തിന് സർക്കാർ ഗവേഷണ ലബോറട്ടറികൾ (റിസർച്ച് ലബോറട്ടറി) സ്ഥാപിക്കും. ഓരോ ആഴ്ചയും ഈ വൈറസിന്റെ മാറ്റം സംബന്ധിച്ച് വിശദമായി വിലയിരുത്തുകയും ഇവ രോഗവ്യാപനത്തെ ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നുവെന്നും പഠിക്കുകയും ചെയ്യും. നിലവിൽ ബ്രിട്ടനിൽ കണ്ടെത്തിയ ബി1 17, ദക്ഷിണാഫ്രിക്കൻ വകഭേദമായ ബി1 351 എന്നിവയാണ് കേരളത്തിലും രോഗവ്യാപനത്തിന് ഇടയാക്കിയിരിക്കുന്നത്. വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച പൂർണ പഠനത്തിനുള്ള ഒരു ഗവേഷണ ലാബും നിലവിൽ സംസ്ഥാനത്ത് ഇല്ല.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), കോഴിക്കോട് മെഡിക്കൽ കോളേജ്, ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി എന്നിവയാണ് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിൽ ഡൽഹിയിലെ ലാബിൽ നിന്നുള്ള ഗവേഷണ ഫലങ്ങൾ ലഭിക്കുന്നതിനായി ഒരു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇത് രോഗവ്യാപനം തീവ്രമാകാൻ ഇടയാക്കുന്നുണ്ട്. റിസർച്ച് ലാബുകൾ സജ്ജമാക്കുന്നത് സംബന്ധിച്ച പദ്ധതി ഇന്നോ നാളെയോ സർക്കാർ പ്രഖ്യാപിച്ചേക്കും.

അതിവേഗത്തിൽ പടരുന്നതും രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശക്തിയുള്ളതുമായ ജനിതകമാറ്റം വന്ന വൈറസുകൾ സംസ്ഥാനത്ത് 13 ജില്ലകളിലും കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയെ പിടിച്ചുലച്ച,​ ഇന്ത്യയിൽ രൂപാന്തരപ്പെട്ട ഇരട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസ് - ബി വൺ 617, യു.കെ വകഭേദം, സൗത്ത് ആഫ്രിക്കൻ വകഭേദം എന്നിങ്ങനെ മൂന്നുതരം ജനിതകമാറ്റം വന്ന വൈറസുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജെനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ പഠനത്തിൽ കണ്ടെത്തിയത്. യു.കെ വകഭേദത്തിന്റെ സാന്നിദ്ധ്യമാണ് 13 ജില്ലകളിലുമുള്ളത്. 10 ജില്ലകളിലാണ് ഇന്ത്യൻ, സൗത്ത് ആഫ്രിക്കൻ വകഭേദങ്ങളുള്ളത്. 9 ജില്ലകളിൽ മൂന്നുതരം വൈറസിനെയും കണ്ടെത്തി. തിരുവനന്തപുരത്തും ഇടുക്കിയിലും യു.കെ വകഭേദം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.