gold

 ആഗോള സ്വർണ ഡിമാൻഡ് 23% കുറഞ്ഞു

കൊച്ചി: പുതുവർഷത്തിലെ ആദ്യ ത്രൈമാസത്തിൽ ആഗോള സ്വർണ ഡിമാൻഡ് 23 ശതമാനം ഇടിഞ്ഞുവെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. 2020 ജനുവരി-മാർച്ച്പാദത്തിലെ 1,059.9 ടണ്ണിൽ നിന്ന് ഈ വർഷം ജനുവരി-മാർച്ചിൽ ഡിമാൻഡ് 815.7 ടണ്ണിലേക്കാണ് ഇടിഞ്ഞത്. ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള (ഗോൾഡ് ഇ.ടി.എഫ്) നിക്ഷേപം കുത്തനെ കുറഞ്ഞതാണ് തിരിച്ചടിയായത്.

ആകെ 161.6 ടൺ സ്വർണമാണ് കഴിഞ്ഞപാദത്തിൽ ഇ.ടി.എഫുകളിലേക്ക് എത്തിയത്. 2020ലെ സമാനപാദത്തിൽ ഇത് 549.6 ടണ്ണായിരുന്നു. റെക്കാഡ് ഉയരത്തിൽ നിന്ന് വില താഴേക്കിറങ്ങിയതോടെ 177.9 ടൺ നിക്ഷേപം മാർച്ച്പാദത്തിൽ ഇ.ടി.എഫിൽ നിന്ന് പിൻവലിക്കപ്പെട്ടു. അതേസമയം സ്വർണക്കട്ടി, നാണയം എന്നിവയിലേക്കുള്ള നിക്ഷേപം 250.5 ടണ്ണിൽ നിന്ന് 36 ശതമാനം ഉയർന്ന് 339.5 ടണ്ണിലെത്തി. സ്വർണാഭരണങ്ങൾക്ക് കൊവിഡ്കാലത്തും ആഗോളതലത്തിൽ വൻ പ്രിയമുണ്ട്. മാർച്ച്പാദത്തിൽ ഡിമാൻഡ് 313.2 ടണ്ണിൽ നിന്നുയർന്ന് 477.4 ടണ്ണിലെത്തി; വർദ്ധന 52 ശതമാനം.

ഇന്ത്യയിൽ പൊന്നിന് നല്ലകാലം

39%

ഇക്കുറി ജനുവരി-മാ‌‌ർച്ചിൽ ഇന്ത്യയിൽ സ്വർണാഭരണ വില്പന 73.9 ടണ്ണിൽ നിന്ന് 39 ശതമാനം വർദ്ധിച്ച് 102.5 ടണ്ണിലെത്തി. ചൈനയിലെ ആഭരണ ഡിമാൻഡ് 61.3 ടണ്ണിൽ നിന്ന് 191.1 ടണ്ണായി; വളർച്ച 212 ശതമാനം.

₹56,000

കൊവിഡിൽ സുരക്ഷിത നിക്ഷേപമെന്ന പെരുമ നേടിയ സ്വർണവില റെക്കാഡ് ഉയരത്തിലെത്തിയിരുന്നു. ദേശീയ വിപണിയിൽ പത്തുഗ്രാമിന് ആഗസ്‌റ്റിൽ വില 56,000 രൂപ കടന്നു. കേരളത്തിൽ പവൻ വില 42,000 രൂപയിലും ഗ്രാംവില 5,250 രൂപയിലുമെത്തി.

34%

കഴിഞ്ഞപാദത്തിൽ ഇന്ത്യയിൽ സ്വർണക്കട്ടി, നാണയ നിക്ഷേപം 34 ശതമാനം ഉയർന്നു. 28.1 ടണ്ണിൽ നിന്ന് 37.5 ടണ്ണിലേക്കാണ് വളർച്ച.

140 ടൺ

ഇന്ത്യയിലെ മൊത്തം സ്വർണ ഡിമാൻഡ് കഴിഞ്ഞപാദത്തിൽ 140 ടണ്ണായിരുന്നു; വർദ്ധന 37 ശതമാനം. മൂല്യം 57 ശതമാനം ഉയർന്ന് 58,800 കോടി രൂപയായി.

കൈവിട്ട് കേന്ദ്ര ബാങ്കുകൾ

വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ ചേർന്ന് ജനുവരി-മാർച്ചിൽ വാങ്ങിക്കൂട്ടിയത് 95.5 ടൺ സ്വർണമാണ്. 2020ലെ സമാനപാദത്തേക്കാൾ 23 ശതമാനം കുറവാണിത്. 63 ടൺ സ്വർണവും വാങ്ങിയത് ഹംഗറിയാണ്. ടർക്കിയാണ് ഏറ്റവുമധികം വിറ്റഴിച്ചത്; 31.5 ടൺ.

7%

റിസർവ് ബാങ്ക് കഴിഞ്ഞപാദത്തിൽ 18.7 ടൺ സ്വർണം വാങ്ങി. ഇതോടെ ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണശേഖരം 695.3 ടണ്ണായി. മൊത്തം വിദേശ നാണയ ശേഖരത്തിന്റെ 7 ശതമാനമാണിത്.