ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ പാരീസ് എസ്.ജിയെ 2-1ന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി
പാരീസ് : ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താമെന്ന സ്വപ്നത്തിലേക്ക് ചുവടുറപ്പിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ രാത്രി നടന്ന ആദ്യ പാദ സെമിയിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പാരീസ് എസ്.ജിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. പി.എസ്.ജിയുടെ തട്ടകത്തിൽ രണ്ട് എവേ ഗോളുകൾ നേടാനായതിന്റെ ആനുകൂല്യവും സിറ്റി സ്വന്തമാക്കി.
ആദ്യം ഗോളടിച്ചതിന്റെ ആനന്ദത്തിലായിരുന്ന പാരീസിനെ തിരിച്ചടിച്ച് വീഴ്ത്തുകയായിരുന്നു സിറ്റി. 15-ാം മിനിട്ടിൽ ക്യാപ്ടൻ മാർക്വീഞ്ഞോസാണ് പാരീസിനെ മുന്നിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രൂയ്‌നും (64-ാം മിനിട്ട്), റിയാദ് മെഹ്റേസും (71-ാം മിനിട്ട്) നേടിയ ഗോളുകൾ സിറ്റിയുടെ വിജയകഥയെഴുതി. മിഡ്ഫീൽഡർ ഇദ്രിസ ഗുയെ 77-ാം മിനിട്ടിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനാൽ 10 പേരുമായാണ് പി.എസ്.ജി മത്സരം പൂർത്തിയാക്കിയത്.
ആദ്യപകുതി കൂടുതൽ ഗോളുകളില്ലാതെ അവസാനിച്ചെങ്കിലും മൈതാനത്ത് ആധിപത്യം പുലർത്തിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. മുന്നേറ്റത്തിൽ നെയ്മർ നിറം മങ്ങിയതും കിലിയൻ എംബാപ്പെയ്ക്ക് പതിവു പ്രകടനം പുറത്തെടുക്കാനാകാതെ പോയതുമാണ് പി.എസ്.ജിക്ക് തിരിച്ചടിയായത്.
ഗോളുകൾ ഇങ്ങനെ
0-1
15-ാം മിനിട്ട്
മാർഖ്വിഞ്ഞോസ്(പാരീസ്)
പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് ഗോളിനു വഴിതുറന്നത്. എയ്ഞ്ചൽ ഡി മരിയ എടുത്ത കോർണർ കിക്ക് ഉയർന്നുചാടി വലയിലേക്കു തട്ടിയിടുകയായിരുന്നു മാർക്വീഞ്ഞോസ്.
1-1
64–ാം മിനിട്ട്
ഡിബ്രൂയ്ൻ(മാഞ്ചസ്റ്റർ )
കെവിൻ ഡിബ്രൂയ്ൻ പി.എസ്.ജി ബോക്സിലേക്ക് ഉയർത്തി നൽകിയ അപകടകരമായ ക്രോസ് പ്രതി
രോധിക്കാൻ കഴിയാതെ വന്നതോടെ പന്ത് വലയിൽ കയറി.
2-1
71-ാം മിനിട്ട്
മഹ്റേസ് (മാഞ്ചസ്റ്റർ)
പി.എസ്.ജി ബോക്സിനു തൊട്ടുപുറത്ത് സിറ്റിക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കാണ് ഗോളിനു വഴിതുറന്നത്. കിക്കെടുത്ത റിയാദ് മെഹ്റെസിന്റെ ഇടംകാൻണ ഷോട്ട് പ്രതിരോധ വിടവിലൂടെ വലയിലെത്തി.
റെഡ് കാർഡ്
സമനില ഗോളിനായി പി.എസ്.ജി പൊരുതുന്നതിനിടെയാണ് സിറ്റി മിഡ് ഫീൽഡർ ഇൽകേയ് ഗുണ്ടോഗനെ ഫൗൾ ചെയ്തതിന് ഇദ്രിസ ഗുയെയെ റഫറി ചുവപ്പുകാർഡ് കാട്ടി പുറത്താക്കിയത്. എതിരാളികളുടെ ആളെണ്ണം കുറഞ്ഞതോടെ ലീഡ് വർധിപ്പിക്കാൻ സിറ്റി ശ്രമിച്ചെങ്കിലും പി.എസ്.ജി പ്രതിരോധം പിടിച്ചുനിന്നു.
രണ്ടാം പാദം
മേയ് നാലിന് സിറ്റിയുടെ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം.