cm-pinarayi-vijayan

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റും മറ്റും ഈ മാസം കൊണ്ട് അവസാനിക്കുകയാണെന്ന് ഓർമിപ്പിച്ച മാദ്ധ്യമപ്രവർത്തകരോട് എൽഡിഎഫ്‌ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

നിയന്ത്രണങ്ങൾ വന്ന സാഹചര്യത്തിൽ അടുത്ത മാസങ്ങളിലും ഭക്ഷ്യക്കിറ്റ് വിതരണം തുടരാൻ സാദ്ധ്യതയുണ്ടോ എന്ന എന്ന മാദ്ധ്യപ്രവർത്തകന്റെ ചോദ്യത്തോട് അത് പിന്നീട് ആലോചിക്കേണ്ട കാര്യമാണെന്നും നമുക്കത് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനു പിന്നാലെ 'അടുത്ത സർക്കാർ വരുമ്പോൾ സിഎം തന്നെ തീരുമാനിക്കും എന്നാണോ' പറഞ്ഞതെന്ന് മറ്റൊരു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചു. ഈ ചോദ്യത്തിന് 'അതാണ് ഞാൻ ആലോചിക്കാമെന്ന് പറഞ്ഞതെ'ന്നായിരുന്നു മുഖ്യമന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.

തുടർഭരണം വരുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും കഴിഞ്ഞ തവണ നേടിയതിനേക്കാൾ സീറ്റുകളോടെ എൽഡിഎഫ് വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ തനിക്ക് മുമ്പും സംശയമൊന്നും ഇല്ലെന്നും അത് താൻ പലതവണ ആവർത്തിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആ നിലപാടിൽ തന്നെയാണ് താൻ ഇപ്പോഴും നിൽക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

content highlight: cm pinarayi vijayan says ldf government will come to power again when asked about food kit.