ipl-mi

മുംബയ് ഇന്ത്യൻസ് ഏഴുവിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു

ന്യൂഡൽഹി : നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിനോട് തോറ്റ് സഞ്ജുവും സംഘവും.ഇന്നലെ ന്യൂഡൽഹിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോൽവി. സീസണിലെ നാലാം തോൽവിയാണ് രാജസ്ഥാൻ റോയൽസ് വഴങ്ങിയത്.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തപ്പോൾ മുംബയ്ക്ക് വിജയത്തിലെത്താൻ 18.3ഓവർ മാത്രമേ വേണ്ടിവന്നുള്ളൂ.മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്.ഓപ്പണറായി ഇറങ്ങി അവസാനം വരെ ക്രീസിൽ നിന്ന ക്വിന്റൺ ഡി കോക്കാണ് മുംബയ്ക്ക് ഏറെ അനിവാര്യമായിരുന്ന വിജയം നേടാൻ വഴിയൊരുക്കിയത്. 50 പന്തുകളിൽ ആറു ഫോറും രണ്ട് സിക്സുമടക്കം 70 റൺസാണ് ഡി കോക്ക് നേടിയത്. ഡി കോക്കാണ് മാൻ ഒഫ് ദ മാച്ചും.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി നായകൻ സഞ്ജു സാംസൺ(42),ജോസ് ബട്ട്‌ലർ(41),ശിവം ദുബെ (35),യശ്വസി ജയ്സ്വാൾ (32) എന്നിവർ നടത്തിയ പ്രകടനമാണ് 171ലെത്തിച്ചത്. ഓപ്പണിംഗിൽ യശ്വസിയും ബട്ട്‌ലറും ചേർന്ന് 7.4ഓവറിൽ 66 റൺസ് കൂട്ടിച്ചേർത്തിരുന്നു. തുടർന്ന് ക്രീസിലെത്തിയ സഞ്ജു ക്ഷമയോടെ ബാറ്റുവീശി.പത്താം ഓവറിൽ യശ്വസി പുറത്തായശേഷം സഞ്ജും ശിവം ദുബെയും ചേർന്ന് 148ലെത്തിച്ചു. 27 പന്തുകളിൽ അഞ്ചുബൗണ്ടറികൾ പായിച്ച സഞ്ജു 18-ാം ഓവറിൽ ബൗൾട്ടിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. അടുത്ത ഓവറിൽ ദുബെയും മടങ്ങി.

മറുപടിക്കിറങ്ങിയ മുംബയ്ക്ക് ഡി കോക്ക് നല്ല തുടക്കമാണ് നൽകിയത്.ആറാം ഓവറിൽ ടീം സ്കോർ 49ൽ വച്ച് രോഹിതും (14) പത്താം ഓവറിൽ സൂര്യകുമാറും (16) പുറത്തായശേഷമിറങ്ങിയ ക്രുനാൽ പാണ്ഡ്യ (39) വിജയത്തിലേക്കുളള വേഗം കൂട്ടി.രണ്ടുവീതം ഫോറും സിക്സുമടിച്ച ക്രുനാൽ 17-ാം ഓവറിലാണ് പുറത്തായത്. തുടർന്ന് പൊള്ളാഡിനെ (16) കൂട്ടുനിറുത്തി ഡി കോക്ക് ഫിനിഷ് ചെയ്തു.

ഈ വിജയത്തോടെ മുംബയ് ഇന്ത്യൻസ് ആറുകളികളിൽ നിന്ന് ആറുപോയിന്റുമായി നാലാമതേക്ക് ഉയർന്നു. ആറു കളികളിൽ നാലും തോറ്റ രാജസ്ഥാൻ നാലുപോയിന്റുമായി ഏഴാമത് തുടരുകയാണ്.