ബീജിംഗ് : വിമാനത്തിൽ സഞ്ചരിക്കുക എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പരിഭ്രമം ഉണ്ടാകുന്നത് സ്വാഭാവികം. ആദ്യ വിമാനയാത്ര സുരക്ഷിതമായി നടക്കാൻ പൂജകളും വഴിപാടുകളും നടത്തുന്നവരും കുറവല്ല. എന്നാൽ, ചിലരുടെ അമിത വിശ്വാസം വിമാനയാത്ര തന്നെ റദ്ദാക്കേണ്ട അവസ്ഥ വന്നാലോ.
ഇത്തരത്തിൽ ഒരു വിദ്വാന്റെ അന്ധവിശ്വാസം മൂലം വിമാനയാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്ന വാർത്തയാണിപ്പോൾ ചൈനയിൽ നിന്ന് വരുന്നത്. ചൈനയിലെ വെയ്‌ഫെംഗ് വിമാനത്താവളത്തിലാണ് സംഭവം. ഇവിടെ നിന്ന് ഹൈക്കുവിലേക്കുള്ള ബെയ്ബു ഗൾഫ് എയർലൈൻസ് ഫ്‌ളൈറ്റ് GX8814ൽ യാത്ര ചെയ്യേണ്ട വാംഗ് എന്ന് പേരുള്ള ചെറുപ്പക്കാരൻ ആദ്യമായിട്ടാണ് വിമാനത്തിൽ കയറുന്നത്. ആദ്യ യാത്രയിൽ വിഘ്നങ്ങളൊന്നും സംഭവിക്കാതിരിക്കാൻ കുറച്ച് നാണയ തുട്ടുകൾ കടലാസ്സിൽ പൊതിഞ്ഞ ശേഷം വിമാനത്തിന്റെ ചിറകിൽ ഘടിപ്പിച്ചിരുന്ന പ്രൊപ്പല്ലറിലേയ്ക്ക് വലിച്ചെറിഞ്ഞു.
ആരും കാണാതെയാണ് വാംഗ് ഇത് ചെയ്തത്. എന്നാൽ വിമാനം ടേക്ക് ഓഫിന് മുൻപെ നടത്തിയ സുരക്ഷാ പരിശോധനയിൽ പ്രൊപ്പല്ലറിന് താഴെ നാണയത്തുട്ടുകൾ കണ്ടെത്തിയതോടെ കർശന പരിശോധനകൾ നടത്തി. ഇതോടെ പ്രൊപ്പല്ലറിനകത്ത് കൂടുതൽ നാണയത്തുട്ടുകൾ ഉണ്ടെന്ന കാര്യം വ്യക്തമായി. വൈകാതെ തന്നെ വാംഗ് കുറ്റസമ്മതവും നടത്തി. മാത്രമല്ല 6 നാണയത്തുട്ടുകളാണ് താൻ എറിഞ്ഞതെന്നും വെളിപ്പെടുത്തി. ഇവ വിമാന ജീവനക്കാർ കണ്ടെടുത്തെങ്കിലും സുരക്ഷാ കാരണങ്ങളാൽ വിമാനയാത്ര റദ്ദാക്കേണ്ടിവന്നു. വാംഗിന്റെ ആദ്യ വിമാന യാത്രയ്ക്ക് വിഘ്നം സംഭവിച്ചുവെന്ന് മാത്രവുമല്ല, കക്ഷി പൊലീസ് കസ്റ്റഡിയിലുമായി. എന്തായാലും വാംഗിന് ഭീമമായ ഒരു തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നുറപ്പാണ്.