sachin-tendulkar

മുംബയ്: ഇന്ത്യയിൽ കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സഹായവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുൽക്കർ. 'മിഷന്‍ ഓക്‌സിജന്‍' പദ്ധതിയിലേക്ക് ഒരു കോടി രൂപയാണ് സച്ചിൻ സംഭാവനയായി നൽകിയത്. കൊവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോൺസൻട്രേറ്ററുകൾ ഇറക്കുമതി ചെയ്യുന്നതിനായാണ് ഈ പണം ഉപയോഗപ്പെടുത്തുക.

കൊവിഡ് രോഗത്തിനെതിരെ ഏവരും ഒന്നിച്ചുനിൽക്കണമെന്നും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സച്ചിൻ അറിയിച്ചു. മുമ്പ് കൊവിഡ് രോഗമുക്തി നേടിയവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് സച്ചിന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ നാൽപ്പത്തിയെട്ടാം ജന്മദിനത്തിലാണ് സച്ചിൻ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്.

പ്ലാസ്മ ദാനം ചെയ്യുക എന്നതാണ് സമൂഹത്തിനായി ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന വലിയ സേവനമെന്നും താൻകൊവിഡ് ചികിത്സയിലായിരുന്ന കാലയളവില്‍ ആരാധകര്‍ നല്‍കിയ പിന്തുണ മറക്കാനാവില്ലെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നുണ്ട്. കൊവിഡ് രോഗം വന്നപ്പോഴുള്ള അനുഭവവും സച്ചിൻ ടെണ്ടുൽക്കർ പങ്കുവച്ചിരുന്നു.