തിരുവനന്തപുരം: എക്‌സിറ്റ് പോൾ സർവേകൾ സത്യമായാൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ ദുരന്തം. പരാജയം സംസ്ഥാനതലത്തിൽ കോൺഗ്രസിൽ നേതൃമാറ്റത്തിന് തന്നെ കളമൊരുക്കും. പരാജയമുണ്ടായാൽ രാജിയ്‌ക്കായുളള മുറവിളി ഉയരും മുമ്പേ തന്നെ മുതിർന്ന നേതാക്കൾ പലരും രാജിവച്ച് ഒഴിയുക മാത്രമല്ല സംസ്ഥാന രാഷ്‌ട്രീയത്തിലെ മുൻനിരയിൽ നിന്നു തന്നെ അപ്രത്യക്ഷരാകും.
കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി എന്നിവർ ഒരുമിച്ച് നിന്ന് നയിച്ച തിരഞ്ഞെടുപ്പിൽ അഞ്ച് വർഷം കൂടുമ്പോഴുളള ഭരണമാറ്റം ഉണ്ടായില്ലെങ്കിൽ ഇവർക്ക് സംസ്ഥാന കോൺഗ്രസിന്റെ മുൻനിരയിൽ നിന്ന് മാറിനിൽക്കേണ്ടി വരും. അങ്ങനെയെങ്കിൽ കോൺഗ്രസിനെ നയിക്കാൻ യുവനിര രംഗത്തെത്തും.
അങ്ങനെയുണ്ടാകുമോ?
യു.ഡി.എഫ് അധികാരത്തിൽ വരാതെ വി.ഡി സതീശനും ഷാഫി പറമ്പിലും ഉൾപ്പടെയുളളവർ ജയിച്ചുവന്നാൽ താക്കോൽ സ്ഥാനം ലഭിക്കുക അവരുടെ കൈകളിലേക്കാകും. ഭരണ തുടർച്ചയ്‌ക്കൊപ്പം നേമത്ത് മുരളീധരൻ ജയിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിപക്ഷ നേതൃസ്ഥാനം ആ കൈകളിലേക്ക് പോകുമെന്ന കാര്യത്തിലും സംശയമില്ല. ചില ദേശീയ മാദ്ധ്യമങ്ങളുടെ പ്രവചനം സത്യമായി എൽ.ഡി.എഫ് നൂറ്റിപത്തും കടന്നുപോയാൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി ലീഗായി മാറും. അങ്ങനെയെങ്കിൽ പ്രതിപക്ഷ സ്ഥാനം കുഞ്ഞാലിക്കുട്ടിക്ക് വിട്ടുകൊടുക്കേണ്ടി വരുന്ന ദയിനീയ സ്ഥിതി കോൺഗ്രസിന് ഉണ്ടാകും. ഇതിനെല്ലാം പുറമെ തോൽവിയുടെ പേരിലുണ്ടാകുന്ന ഗ്രൂപ്പ് വഴക്കും നീറ്റലും മാറ്റിയെടുക്കാൻ കോൺഗ്രസിന് അധികകാലം വേണ്ടിവരും.
ഹൈക്കമാൻഡിനും പ്രതിസന്ധി
കേരളത്തിൽ ഭരണം കിട്ടിയില്ലെങ്കിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും വലിയ തിരിച്ചടിയാകും. ഇപ്പോൾ തന്നെ ഹൈക്കമാൻഡിനെതിരെ ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന മുതിർന്ന നേതാക്കളുടെ വിമത നിര സംഘടന തിരഞ്ഞെടുപ്പിന് വേണ്ടിയുളള മുറവിളി ശക്തമാക്കും. കേരളത്തിൽ അധികാരം പിടിക്കാനായില്ലെങ്കിൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമേ ഇല്ലെന്ന തരത്തിലേക്ക് കാര്യങ്ങൾ മാറും. രാഹുൽ ഗാന്ധി എം.പിയായ സംസ്ഥാനം, സംഘനടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സംസ്ഥാനം എന്നീ നിലകളിലെല്ലാം കേരളത്തിലെ വിജയം ഗാന്ധി കുടുംബത്തിനും ദേശീയ നേതൃത്വത്തിനും അഭിമാന പ്രശ്‌നമാണ്.
രാഹുൽ തരംഗം
സർവേകൾ പുറത്തുവന്നതോടെ ഹൈക്കമാൻഡ് ക്യാമ്പ് നിശബ്‌ദരാണ്. ഒരുപക്ഷേ കേരളത്തിലെ നേതാക്കൾ മാത്രമായിരുന്നു പ്രചാരണം നയിച്ചതെങ്കിൽ വലിയ തോൽവി ഉറപ്പായിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. രാഹുലും പ്രിയങ്കയും വന്നതുകൊണ്ടാണ് ശക്തമായ മത്സരമെങ്കിലും ഉണ്ടായത്. അപ്പോഴും ജയിച്ച് കയറിയാലും വൻ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് നേതാക്കൾ വിശ്വസിക്കുന്നു. ചില സീറ്റുകളിൽ അപ്രതീക്ഷിത ജയമുണ്ടാവും. ആലപ്പുഴയും കൊല്ലവുമാണ് ഇതിൽ ഏറ്റവും പ്രതീക്ഷ വയ്‌ക്കുന്ന ജില്ലകൾ.
ശബരിമല വിഷയത്തിനൊപ്പം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച രാഹുൽ ഫാക്‌ടർ ഇത്തവണ ഉണ്ടായില്ലെന്നാണ് പ്രാഥമിക നിഗമനം. ലോക്‌സഭയിലേക്കല്ല മത്സരം എന്നതും പ്രശ്‌നമായി. അധികാരത്തിൽ ഇടതുമുന്നണി എന്ന പൊതുവികാരം കേരളത്തിലുണ്ടായിരുന്നു. അത് മറികടക്കാൻ രാഹുൽ ഫാക്‌ടർ മാത്രം പോരായിരുന്നുവെന്നാണ് ദേശീയ നേതാക്കൾ തന്നെ പറയുന്നത്.
പിണറായി വിരുദ്ധത ഏറ്റില്ലേ?
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിയ ചൗക്കീദാർ ചോർ ഹേ എന്ന ക്യാമ്പയിന് സമാനമാണ് കേരളത്തിലും ഇത്തവണ കാര്യങ്ങൾ നടന്നത്. പിണറായി വിരുദ്ധതയും അദ്ദേഹം കളളനാണെന്ന് വരെയുമുള്ള ക്യാമ്പയിനും വ്യക്തിപരമായിരുന്നു. സി.പി.എമ്മിനെ നേരിടുന്നതിന് പകരം നേതാവിനെ കേന്ദ്രീകരിച്ചുളള ഈ ക്യാമ്പയിൻ പിണറായിക്ക് കൂടുതൽ സ്വീകാര്യതയാണ് നൽകിയതെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. പ്രളയത്തിനും കൊവിഡിനും ശേഷം പിണറായിക്ക് സമൂഹത്തിൽ നല്ല ഇമേജുണ്ട് എന്ന കാര്യം മറന്നുളള ക്യാമ്പയിൻ ദോഷം ചെയ്‌തെന്നാണ് എക്‌സിറ്റ് പോൾ കഴിഞ്ഞുളള സംസാരം.
താങ്ങാൻ കഴിയില്ല
അഞ്ച് വർഷം കൂടി പ്രതിപക്ഷത്തിരിക്കാൻ മുസ്ലീം ലീഗ് അടക്കമുളള ഘടകകക്ഷികൾ തയ്യാറാവുമോ എന്നതാണ് യു.ഡി.എഫിലെ പ്രതിസന്ധി. കേന്ദ്രത്തിലോ കേരളത്തിലോ ഭരണമില്ലാതെ പത്ത് വർഷത്തോളം കടന്നുപോകുന്നത് കോൺഗ്രസിന്റെയോ യു.ഡി.എഫിന്റെയോ സ്ഥിരം രാഷ്ട്രീയവുമായി ചേർന്ന് പോകുന്നതല്ല. പി.സി ചാക്കോ അടക്കമുളളവർ ഇടതുപക്ഷത്തെത്തിയതിലൂടെ വ്യക്തമായ സൂചനയും മറ്റ് നേതാക്കൾക്ക് ലഭിക്കുന്നുണ്ട്. ബി.ജെ.പിയിലേക്കും പ്രവർത്തകരുടേയും നേതാക്കളുടേയും ഒഴുക്കുണ്ടാകും