പാലാ : ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് യുവാക്കളെയാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നതെന്ന് പാലാ മാർസ്ലീവാ മെഡിസിറ്റി തീവ്രപരിചരണ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ.ജേക്കബ് ജോർജ് പറഞ്ഞു. മുമ്പൊക്കെ വൈറസ് ബാധിച്ച് ഏഴെട്ട് ദിവസം കൊണ്ടാണ് രോഗലക്ഷണങ്ങൾ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ നാലഞ്ചു ദിവസം കൊണ്ടുതന്നെ ശ്വാസംമുട്ടലും മറ്റുമായി രോഗി അവശതയിലാവുകയാണ്. ഇതോടൊപ്പം ന്യുമോണിയാ കൂടി പിടിപെട്ടാൽ ആരോഗ്യസ്ഥിതി അതീവഗുരുതരമാകും. ശ്വാസംമുട്ടൽ വളരെയേറെ കൂടുമ്പോഴാണ് പലരും ചികിത്സ തേടി എത്തുന്നത്. പനി മാറിയാലോ, പത്തു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവ് ആയാലോ രോഗം മാറിയെന്നാണ് പലരുടെയും ധാരണ.
തുടർന്ന് സാധാരണ ജീവിതം നയിക്കുകയും തൊഴിലുകൾക്ക് പോവുകയും ചെയ്യും. ഇത് ശരിയല്ല. കൊവിഡ് വൈറസ് നശിച്ചാലും കുറച്ചു നാൾ കൂടി വിശ്രമം തുടർന്നേ പറ്റൂ. അല്ലാത്തവരിൽ ഹാർട്ട് അറ്റാക്ക് , സ്‌ട്രോക്ക്, ന്യുമോണിയ, കൈകാൽ മരവിപ്പ് തുടങ്ങിയ അസുഖങ്ങൾ പിടിപെടാനുള്ള സാദ്ധ്യയേറെ ഏറെയാണ്. വാക്സിൻ എടുത്തവരിൽ വൈറസിന്റെ ആക്രമണ വീര്യം കുറഞ്ഞതായാണ് കാണപ്പെടുന്നതെന്നും ഡോ. ജേക്കബ് ജോർജ് പറഞ്ഞു.
ഡോ.ജേക്കബ് ജോർജുമായി സംസാരിക്കാം.
കൊവിഡുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഡോ.ജേക്കബ് ജോർജുമായി ഫോണിൽ സംസാരിക്കാൻ 'കേരളകൗമുദി ' അവസരമൊരുക്കുന്നു. ഇന്ന് രാവിലെ 11 മുതൽ 12 വരെ ഡോക്ടറുമായി സംസാരിക്കാൻ അവസരമുണ്ട്. വിളിക്കേണ്ട നമ്പർ: 9446 579399