ന്യൂഡൽഹി: മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ സോളി സൊറാബ്‌ജി (91) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പലർച്ചെയോടെയാണ് അന്തരിച്ചത്.
1930ൽ മുംബയിൽ ജനിച്ച സോളി സൊറാബ്‌ജി സെന്റ് സേവ്യേഴ്സ് കോളേജിലും ബോംബെ ലോ കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. 1953ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്‌ടീസ് ആരംഭിച്ചു. 1989-90, 1998-2004 കാലത്ത് അറ്റോർണി ജനറലായിരുന്നു. 2002ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
യു എൻ മനുഷ്യാവകാശ ഉപസമിതി ചെയർമാനായിരുന്ന അദ്ദേഹം 70 വർഷം നീണ്ടുനിന്ന അഭിഭാഷക ജീവിതത്തിന് ഉടമയായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നീ വിഷയങ്ങളിൽ നിരവധി ലേഖനങ്ങളും ശക്തമായ നിലപാടുകളും സ്വീകരിച്ചിട്ടുണ്ട്.