മുംബയ്: ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ മഹാരാഷ്ട്രയിൽ കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ. ജൂലായിലോ ഓഗസ്റ്റിലോ കൊവിഡിന്റെ മൂന്നാം തരംഗം കൂടി മഹാരാഷ്ട്ര നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയതായി വാർത്താസമ്മേളനത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്. കൊവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്‌ട്ര.
മൂന്നാം തരംഗമുണ്ടായാൽ വലിയ പ്രതിസന്ധിയാണ് സംസ്ഥാന സർക്കാർ മുന്നിൽ കാണുന്നത്. മൂന്നാം തരംഗത്തെ നേരിടാൻ ഓക്‌സിജൻ ഉത്പാദനത്തിൽ സ്വയം പര്യാപ്‌തത നേടാനുളള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും സർക്കാർ തലത്തിൽ തീരുമാനമായിട്ടുണ്ട്.
കൊവിഡ് ചികിത്സാസൗകര്യങ്ങൾക്കായി നിക്ഷേപം നടത്താൻ വ്യാവസായികപ്രമുഖരോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം വ്യാഴാഴ്‌ച 45,39,553 ആയി ഉയർന്നിരുന്നു. 67,985 പേർ കൊവിഡ് മൂലം ഇതു വരെ മരിച്ചതായാണ് കണക്ക്. കൊവിഡ് വ്യാപനം തടയാൻ മേയ് 15 വരെ മഹാരാഷ്ട്രയിൽ ലോക്ക്‌ഡൗൺ ഉൾപ്പടെയുളള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.