ഡെറാഡൂൺ : ക്രമസമാധാന പാലനത്തിന് സഹായിക്കുന്നതിനായി ആശുപത്രി അധികൃതരിൽ നിന്നും അനുമതി വാങ്ങിയ എ ബി വി പി പ്രവർത്തകർ കൊവിഡ് രോഗികളുടെ വാർഡിൽ പ്രവേശിച്ച വീഡിയോ വൈറലായി. പി പി ഇകിറ്റ് ധരിച്ച് അതിനു മുകളിലായി എബിവിപി എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച പ്രവർത്തകർ കൊവിഡ് രോഗികളുമായി അടുത്ത് ഇടപഴകുന്ന വീഡിയോയാണ് പുറത്തായത്. ഇവർ രോഗികളുടെ ഓക്സിജൻ പൈപ്പുകൾ നീക്കം ചെയ്ത് ഗ്ലാസിൽ ജ്യൂസ് നൽകിയെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് മാർഗ നിർദ്ദേശം അനുസരിച്ച് ഡ്യൂട്ടിയിലുള്ള മെഡിക്കൽ സ്റ്റാഫ് ഒഴികെ മറ്റാർക്കും കൊവിഡ് വാർഡിൽ കയറാനാവില്ല. ഇതിനെ കാറ്റിൽ പറത്തിയാണ് പ്രവർത്തകർ വാർഡിൽ കയറിയത്.
എന്നാൽ എ ബി വി പി പ്രവർത്തകർ ആശുപത്രിയിൽ ക്രമസമാധാന പാലനത്തിന് സഹായിക്കുന്നതിനായി അനുവദിക്കണമെന്ന അപേക്ഷയുമായിട്ടാണ് എത്തിയതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അശുതോഷ് സയാന പറഞ്ഞു. ആശുപത്രി പരിസരത്ത് ക്രമസമാധാനപാലനത്തിന് ഭരണകൂടത്തിന് സഹായം നൽകാൻ എബിവിപി അനുമതി വാങ്ങിയെങ്കിലും ഉയർന്ന അപകടസാദ്ധ്യതയുള്ള കോവിഡ് വാർഡിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്ന് സയാന വ്യക്തമാക്കി. വീഡിയോ വൈറലായതോടെ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് കെ സി പന്ത് എബിവിപി പ്രവർത്തകരെ പരിസരത്ത് പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.