yogi-adityanath-

ലക്നൗ : ഉത്തർപ്രദേശിൽ കൊവിഡ് ചികിത്സയിൽ പാളിച്ചകളില്ലെന്നും, സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം കളവെന്ന് തെളിയുന്നു. നിരവധി ആശുപത്രികൾ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ കഷ്ടപ്പെടുന്നതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് പരസ്യമായ പ്രതികരിക്കുന്ന ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കുമെന്ന സർക്കാർ ഭീഷണി നിലനിൽക്കുന്നതിനാലാണ് ആശുപത്രി അധികൃതർ പരസ്യ പ്രതികരണത്തിന് മുതിരാത്തത്.

അതേസമയം ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെട്ട് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത സംഭവവും ഏറെ വിവാദമായിട്ടുണ്ട്. ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് പരസ്യപ്രതികരണം നടത്തിയതിന് മീററ്റ് ആശുപത്രിക്കെതിരെ അധികൃതർ നോട്ടീസ് നൽകിയിരുന്നു. ഓക്സിജൻ ക്ഷാമമില്ലെന്നും ആവശ്യമായ അത്രയും അളവിൽ വിതരണം ചെയ്യുന്നുവെന്നും ആവർത്തിക്കുന്ന മുഖ്യമന്ത്രി 'പരിഭ്രാന്തി പരത്തുന്നവരെ' തടയാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

ലക്നൗവിലെ ഗോംതി നഗറിലെ ടെണ്ടർ പാം ഹോസ്പിറ്റലിന്റെ സൂപ്രണ്ട് വിനയ് ശർമ രോഗികൾക്ക് അടിയന്തരമായി സാധനങ്ങൾ ആവശ്യമുള്ളതിനാൽ ഓക്സിജൻ റീഫില്ലിംഗ് സെന്ററിന്റെ ഗേറ്റിൽ ക്യൂ നിൽക്കേണ്ടിവരുന്നതായി വ്യക്തമാക്കി. ഞങ്ങളുടെ ആശുപത്രിയിൽ ഓക്സിജൻ ആവശ്യമുള്ള 100 ഓളം രോഗികളുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം തന്റെ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് കൊവിഡ് രോഗികൾ ഓക്സിജൻ ക്ഷാമത്താൽ മരണപ്പെട്ടുവെന്ന് മീററ്റിലെ ആനന്ദ് ആശുപത്രി സൂപ്രണ്ട് സുഭാഷ് യാദവ് പറയുന്നു. 'ഓരോ 24 മണിക്കൂറിലും ഞങ്ങൾക്ക് 400 സിലിണ്ടറുകൾ ആവശ്യമാണ്, പക്ഷേ ലഭിക്കുന്നത് 90 എണ്ണം മാത്രമാണ്. ഓക്സിജൻ ക്ഷാമം മൂലമാണ് രോഗികൾ മരിച്ചത്,' യാദവ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

മീററ്റിലെ കെഎംസി ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് പേർ മരിച്ചിരുന്നു. ഓക്സിജന്റെ കുറവുണ്ടെന്ന് വ്യാജമായി ആരോപിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് ജില്ലാ ഭരണകൂടത്തിൽ നിന്ന് ഈ ആശുപത്രിക്ക് ബുധനാഴ്ച നോട്ടീസ് ലഭിച്ചിരുന്നു. 200 സിലിണ്ടർ ആവശ്യമുള്ളിടത്ത് ലഭിച്ചത് കേവലം 30 എണ്ണം മാത്രമാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആശുപത്രി ജീവനക്കാരൻ പറയുന്നു.