ഹൈദരാബാദ്: കാശ് മുൻകൂറായി അടക്കാത്തതിനെ തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട കൊവിഡ് ബാധിതയായ വീട്ടമ്മയ‌്ക്ക് ജീവൻ നഷ്‌ടമായി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിനി അഞ്ജലിക്കാണ് സ്വകാര്യ ആശുപത്രിക്കാരുടെ പണക്കൊതി മൂലം മരണത്തിന് കീഴടങ്ങേണ്ടി വന്നത്.
രോഗ ബാധിതയായി എത്തിയ യുവതിയെ ചികിത്സിക്കണമെങ്കിൽ 60,000 രൂപ മുൻകൂർ അടക്കണമെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞിരുന്നു. തുടർന്ന് ബന്ധുക്കൾ എടിഎമ്മിൽ കാശ് എടുക്കാൻ പോയ സമയത്ത് അഞ്ജലിയെ ആശുപത്രിക്ക് പുറത്ത് കിടത്തി അറ്റൻഡർ കടന്നു കളഞ്ഞു. ബന്ധുക്കൾ കാശുമായി തിരികെ എത്തിയപ്പോഴേക്കും യുവതിയുടെ നില ഗുരുതരമായി. ഓക്‌സിജൻ നൽകാൻ കുടുംബം അപേക്ഷിച്ചു പോലും അധികൃതർ തിരിഞ്ഞു നോക്കിയില്ല. ഏറെ വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ‌്തു.
എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പരാതിയൊന്നും ലഭിക്കാത്തതിനാൽ ഇതുവരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.