covid

ചെന്നൈ: കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന റെംഡിസിവർ മരുന്ന് കരിഞ്ചന്തയിൽ വിറ്റതിന് ചെന്നൈയിലും ഡൽഹിയിലും ആന്ധ്രാപ്രദേശിലുമായി ഡോക്‌ടർമാർ ഉൾപ്പടെ ഏഴുപേർ പിടിയിൽ. ഡോക്‌ടറും സഹായികളും വിൽപ്പനക്കാരും ഉൾപ്പടെ നാലുപേർ ചെന്നൈ താമ്പരത്താണ് പിടിയിലായത്. 4800 രൂപയ്‌ക്ക് വാങ്ങിയ മരുന്ന് 20,000 രൂപയ്‌ക്കാണ് വിറ്റത്. ആശുപത്രിയിലെയും ഫാർമ ഏജൻസിയിലെയും ജീവനക്കാരാണ് ഡൽഹിയിൽ അറസ്റ്റിലായത്.

ഉത്തരാഖണ്ഡിൽ വ്യാജ റെംഡിസിവർ നിർമ്മാണ ഫാക്‌ടറി പൊലീസ് കണ്ടെത്തി. ഉടമ ഉൾപ്പെടെ അഞ്ചുപേരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്‌തു. വ്യാജ മരുന്ന് 25,000 രൂപ നിരക്കിലാണ് ഫാക്‌ടറിയിൽ നിന്നും വിറ്റിരുന്നത്.

ആന്ധ്രാപ്രദേശിലെ മംഗളഗിരി ടൗണിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ട‌റായ ഭാനു പ്രതാപിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ 52,000 രൂപയ്‌ക്ക് ഹൈദരാബാദിൽ നിന്നാണ് നാലു വ്യാജ റെംഡിസിവർ ഇൻജെക്ഷനുകൾ എത്തിച്ചതെന്ന് വിജയവാഡ പൊലീസ് കമ്മിഷണർ പറഞ്ഞു.

കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നാണ് റെംഡിസിവർ. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിൽ ഏറെ ആവശ്യകതയുളള മരുന്നാണിത്. റെംഡിസിവർ ഇൻജെക്ഷൻ വിൽപ്പന കരിഞ്ചന്തയിൽ സജീവമാണ്.

റെംഡിസിവറിന്റെ കയറ്റുമതിയും അനധികൃത ഇടപാടുകളും കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഈ മരുന്ന് കരിഞ്ചന്തയിൽ വിറ്റതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. മലയാളികളടക്കം അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.