up-police

പ്രയാഗ്‌രാജ്: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളെ പിടിച്ചുലയ്‌ക്കുകയാണ്. അതിവേഗം കൊവിഡ് രോഗികൾ കൂടിവരുന്ന സ്ഥിതിയാണ് ഉത്തർ പ്രദേശിലുമുള‌ളത്. രോഗികൾക്ക് ആവശ്യമായ ഓക്‌സിജൻ പോലും ലഭ്യമല്ലാത്ത നിലയാണ് സംസ്ഥാനത്ത്. ഓക്‌സിജൻ സിലിണ്ടർ ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുന്ന രോഗികളുടെ ബന്ധുക്കളോട് പൊലീസ് വിചിത്രമായ നിർദ്ദേശമാണ് മുന്നോട്ടുവച്ചത്. ഓക്‌സിജൻ ലഭിക്കുന്നില്ലെങ്കിൽ അരയാലിന്റെ ചുവട്ടിൽ പോയിരിക്കൂ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.

'ആശുപത്രികളിൽ തിരക്ക് കൂട്ടാതെ വീടുകളിൽ കഴിയണമെന്നാണ് സർക്കാർ‌ നിർദ്ദേശം. എന്നാൽ വീട്ടിൽ കഴിയുന്നവർക്ക് ഓക്‌സിജൻ ആവശ്യം വന്നാൽ അത് നൽകാൻ ആരുമില്ല' ബന്ധുവിന് വേണ്ടി ഓക്‌സിജൻ സിലിണ്ടർ തേടി പരാജയപ്പെട്ട ഒരാൾ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചു. 'അമ്മയ്‌ക്ക് സുഖമില്ലെങ്കിൽ നീ അമ്മയെ കൊണ്ടുപോയി അരയാൽ ചുവട്ടിൽ ഇരുത്തൂ. ഓക്‌സിജൻ ലഭിക്കും.' എന്ന് പൊലീസ് പറഞ്ഞതായി മ‌റ്റൊരാളും പ്രതികരിച്ചു.

പ്രയാഗ്‌രാജിലെ എം.എൽ.എ ഹർഷവർദ്ധൻ വാജ്‌പേയിയുടെ ഓക്‌സിജൻ പ്ളാന്റിന് മുന്നിൽ ജനങ്ങൾ ഓക്‌സിജൻ സിലിണ്ടറിനായി കൂട്ടംകൂടി നിൽക്കുകയാണ്. ഈ പ്ളാന്റ് ഇപ്പോഴത്തെ അടിയന്തരാവസ്ഥ കാരണം യോഗി സർക്കാർ ഏ‌റ്റെടുത്തു. ഇവിടെ ഓക്‌സിജൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ പതിവായതോടെ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഇവരാണ് ഓക്‌സിജൻ ചോദിച്ചെത്തുന്നവരോട് ആൽമരച്ചോട്ടിൽ പോയിരിക്കുന്നതിന് നിർദ്ദേശം നൽകുന്നത്.

പ്രയാഗ്‌രാജ് മുതൽ ലക്‌നൗ വരെയുള‌ളയിടങ്ങളിൽ ഒരു ആശുപത്രിയിൽ പോലും ഓക്‌സിജൻ ലഭ്യമല്ല.മേദാന്ത,അപ്പോളോ പോലുള‌ള

വലിയ ആശുപത്രികളിലും സ്ഥിതി ഇതാണെന്ന് ഓക്‌സിജൻ തേടി നടക്കുന്ന ഒരാൾ പ്രതികരിച്ചു. അതേസമയം ഉത്തർപ്രദേശിലെ 75 സംസ്ഥാനങ്ങളിൽ 47 ഇടങ്ങളിൽ മെഡിക്കൽ ഓക്‌സിജൻ പ്ളാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ പി.എം കെയേഴ്‌സ് ഫണ്ടിൽ നിന്നും തുക അനുവദിച്ചു. നിലവിൽ ഓക്‌സിജൻ ക്ഷാമം നിലനിൽക്കുന്ന യു.പിയിലെ പ്രധാന നഗരങ്ങളായ ലക്‌നൗ, വാരണാസി, ഗോരഖ്‌പൂർ, ആഗ്ര, അലിഗർഗ്,പ്രയാഗ്‌രാജ്, മീററ്റ്, മഥുര, ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, കാൺപൂർ, ഝാൻസി, മൊറാദാബാദ് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ ഓക്‌സിജൻ പ്ളാന്റുകൾ സ്ഥാപിക്കും.