vaccine

മുംബയ്: രോഗവ്യാപനം രൂക്ഷമാണെങ്കിലും വിതരണം ചെയ്യാനുള‌ള വാക്‌സിന് ക്ഷാമം ഉണ്ടായതോടെ കൊവിഡ് വാക്‌സിനേഷൻ മുംബയിൽ നിർത്തിവച്ചു. മൂന്ന് ദിവസത്തേക്കാണ് വിതരണം നിർത്തിയത്. ഗ്രേ‌റ്റർ മുംബയ് മുനിസിപ്പൽ കോർപറേഷൻ ഇക്കാര്യം അറിയിച്ചു. ഏപ്രിൽ 30 മുതൽ മേയ് 2 വരെയാണ് വിതരണം നിർത്തിയിരിക്കുന്നത്. മുതിർന്നവർക്ക് നടത്തേണ്ട വാക്‌സിൻ വിതരണത്തിൽ തന്നെ താമസം നേരിട്ട സ്ഥിതിക്ക് 18നും 45നുമിടയിലുള‌ളവർക്ക് വാക്‌സിൻ വിതരണം നാളെ ആരംഭിക്കില്ലെന്ന് കോർപറേഷൻ അറിയിച്ചു.

മൂന്ന് ദിവസത്തേക്ക് കൂടി കാത്തിരിക്കാനാണ് കോർപറേഷൻ അറിയിച്ചിരിക്കുന്നത്. അതേസമയം ഏപ്രിൽ 28ന് 18 വയസ് മുതലുള‌ളവർക്ക് വേണ്ട രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്‌ക്ക് അറിയിപ്പ് നൽകുമെന്നും അതിനുശേഷം ജനങ്ങൾക്ക് വീണ്ടും വാക്‌സിൻ സ്വീകരിക്കാനെത്താമെന്നും ഗ്രേ‌റ്റർ മുംബയ് മുനിസിപ്പൽ കോർപറേഷൻ വാർത്താകുറിപ്പിൽ പറഞ്ഞു. മൂന്നാംഘട്ട വ്യാപനത്തെയും നേരിടാൻ സംസ്ഥാനത്തിന് 12 കോടി ഡോസുകൾ ആവശ്യമാണെന്നായിരുന്നു മഹാരാഷ്‌ട്ര സർക്കാർ അറിയിച്ചത്.