കൊച്ചി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മേയ് നാല് വരെ ഒത്തുചേരലുകളോ വിജയാഹ്ളാദ പ്രകടനങ്ങളോ പാടില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിച്ചേരലോ വിജയാഹ്ളാദ പ്രകടനമോ പാടില്ലെന്നും ഇക്കാര്യം അതാത് ജില്ലാ ഭരണകൂടങ്ങളും പൊലീസും ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
മേയ് നാല് മുതൽ ഒൻപത് വരെ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളുടേതിന് സമാനമായിരിക്കും നിയന്ത്രണങ്ങളെന്നും ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നാളെ മുതൽ അടുത്ത പത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് കൊവിഡിനിടയാകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി കർശനമാക്കിയിരിക്കുകയാണ് സർക്കാർ. സഞ്ചാരവും ആൾക്കൂട്ടവും ഒഴിവാക്കി കൊവിഡിനെ പിടിച്ചുകെട്ടാമെന്നും ജനജീവിതം തടസമില്ലാതെ മുന്നോട്ടുപോകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.