ലക്നൗ : യു പിയിൽ കൊവിഡ് തീവ്രവ്യാപനം തുടരവേ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭരണകക്ഷി എം എൽ എ രംഗത്ത്. യോഗി ആദിത്യനാഥിന്റെ കൊവിഡ് പ്രതിരോധ നടപടികൾ പൂർണ പരാജയമാണെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചിരിക്കുകയാണ് ബെയ്‌രിയ നിയോജകമണ്ഡലത്തിലെ ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗ്. ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാതെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുള്ള മുഖ്യന്റെ പ്രവർത്തനങ്ങളാണ് എം എൽ എയെ ചൊടിപ്പിച്ചത്.
ബ്യൂറോക്രസിയെയല്ല, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കേന്ദ്രീകരിച്ചായിരിക്കണം കൊവിഡ് പ്രതിരോധ സംവിധാനം പ്രവർത്തിക്കേണ്ടത്. ശരിയായ ചികിത്സയുടെ അഭാവം മൂലം ബി ജെ പി മന്ത്രിമാരും എം എൽ എമാരും മരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇവർക്ക് ശരിയായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തെ സംവിധാനങ്ങളുടെ പോരായ്മയാണെന്ന് കണക്കാക്കുന്നതായും സുരേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുന്ന ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് 12,241 പേർ മരണപ്പെട്ടതായി കണക്കാക്കുന്നു.