flights

ന്യൂഡൽഹി: രണ്ടാം ഘട്ട കൊവിഡ് വ്യാപനം ശക്തമായതോടെ ഇന്ത്യയിൽ നിന്നുള‌ളതും ഇന്ത്യയിലേക്കുള‌ളതുമായ അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം മേയ് 31 വരെ നീട്ടിയതായി ഡയറക്‌ടറേ‌റ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായുള‌ള ക്യാരിയർ വിമാനങ്ങൾക്കും എയർ ബബിൾ ചട്ടപ്രകാരമുള‌ളതുമായ വിവിധ ഫ്ളൈ‌റ്റുകൾക്കും തടസമുണ്ടാകില്ലെന്നും ഡി.സി.ജി.എ അറിയിച്ചു. കൊവിഡ് പ്രതിസന്ധി കാലത്ത് വിവിധ രാജ്യങ്ങളിലേക്ക് അവശ്യ സർവീസുകൾ വഴി ജനങ്ങളെ എത്തിക്കുന്നതാണ് എയർ ബബിൾ സംവിധാനം. 27 രാജ്യങ്ങളുമായി ഇന്ത്യയ്‌ക്ക് എയർ ബബിൾ സംവിധാനമുണ്ട്.

അമേരിക്ക, ബ്രിട്ടൺ, യു.എ.ഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് എന്നീ പ്രധാന രാജ്യങ്ങളിലേക്ക് ഉൾപ്പടെയാണ് എയർ ബബിൾ സംവിധാനം. രാജ്യത്ത് നാല് ലക്ഷത്തിനടുത്താണ് നിലവിൽ പ്രതിദിന കൊവിഡ് കണക്ക്. 3.87 ലക്ഷമായിരുന്നു ഇന്നത്തെ രോഗികളുടെ എണ്ണം. വിവിധ സംസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ആർ‌ടി‌പി‌സി‌ആർ ഫലം നിർബന്ധമാക്കിയിട്ടുണ്ട്. ഈ നിബന്ധന മൂലം ആഭ്യന്തര വിമാന സർവീസുകൾ വലിയ തകർച്ച നേരിടുകയുമാണ്. 2020 മാർച്ച് 23നാണ് ഇന്ത്യ ഒന്നാംഘട്ട കൊവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.