പൊതുമേഖലാ എണ്ണക്കമ്പനികളുടെ എൽ.പി.ജി സബ്സിഡി ബാദ്ധ്യത കുത്തനെ കുറഞ്ഞു
കൊച്ചി: പാചക വാതക സിലിണ്ടർ വില കുറഞ്ഞപ്പോൾ നിറുത്തലാക്കിയ സബ്സിഡി വിതരണം, സിലിണ്ടർ വില കൂടിയിട്ടും പുനഃസ്ഥാപിക്കാത്തതിനാൽ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ നേടുന്നത് മികച്ച സാമ്പത്തിക നേട്ടം. 2018-19ൽ 9,327.4 കോടി രൂപയും 2019-20ൽ 6,338.7 കോടി രൂപയും സബ്സിഡി ഇനത്തിൽ ഉപഭോക്താവിന് നൽകിയ ബി.പി.സി.എല്ലിന് കഴിഞ്ഞ സാമ്പത്തികവർഷത്തെ (2020-21) ആദ്യ പതിനൊന്ന് മാസത്തെ ബാദ്ധ്യത 3,629.6 കോടി രൂപ മാത്രം.
2018-19ൽ 18,662.81 കോടി രൂപയും 2019-20ൽ 13,048.41 കോടി രൂപയും സബ്സിഡി ചെലവുണ്ടായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന് (ഐ.ഒ.സി) കഴിഞ്ഞവർഷത്തെ ആദ്യ പത്തുമാസത്തിൽ ചെലവ് 3,008.44 കോടി രൂപയാണെന്ന് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊവിഡിൽ ആഗോളതല ഡിമാൻഡ് ഇടിഞ്ഞതുമൂലം ക്രൂഡോയിൽ വില കൂപ്പുകുത്തിയ പശ്ചാത്തലത്തിൽ, കഴിഞ്ഞ സെപ്‌തംബറിൽ കേന്ദ്രസർക്കാർ സബ്സിഡി പദ്ധതി നിറുത്തലാക്കിയിരുന്നു.
ഗാർഹികാവശ്യത്തിനുള്ള സബ്സിഡിയുള്ളതും ഇല്ലാത്തതുമായ 14.2 കിലോഗ്രാം സിലിണ്ടറിന് ഒരേ വിലയാണെന്ന് (സെപ്തംബറിൽ തിരുവനന്തപുരത്ത് 604.43 രൂപ) ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര തീരുമാനം. പിന്നീട് ഡിസംബർ മുതൽ ഇതിനകം വില 214 രൂപയോളം വർദ്ധിച്ച് 818.5 രൂപയിലെത്തിയെങ്കിലും സബ്സിഡി പുനഃസ്ഥാപിച്ചിട്ടില്ല.
സബ്സിഡിച്ചെലവ്
(പൊതുമേഖലാ എണ്ണവിതരണ കമ്പനികളുടെ സബിസിഡിച്ചെലവ്)
2019-20 : ₹34,085.86 കോടി
2020-21ലെ പ്രതീക്ഷ : ₹36,072.47 കോടി
2021-22ലെ പ്രതീക്ഷ : ₹14,073.45 കോടി
ഉപഭോക്താക്കൾ കൂടുന്നു
സബ്സിഡിയില്ല, വിലയും ഉയർന്നു. എന്നിട്ടും, രാജ്യത്ത് എൽ.പി.ജി ഉപഭോക്താക്കളുടെ എണ്ണം ഉയരുകയാണ്. 2016 മാർച്ചിൽ ഐ.ഒ.സിയുടെ ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ 8.1 കോടിയായിരുന്നത് ഈ വർഷം ഫെബ്രുവരിയിൽ 13.53 കോടിയിലെത്തി. പ്രധാനമന്ത്രി ഉജ്വല യോജന ഉപഭോക്താക്കളാണ് പുതിയ കണക്ഷനിലേറെയും. എൽ.പി.ജി ഉപഭോഗം കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്.