ആലപ്പുഴ: മാന്നാറിൽ സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി പിടിയിലായി. കടപ്ര രുമല മലയിൽ വടക്കതിൽ സോമേഷ്കുമാറിനെയാണ് ( 39 ) കൊല്ലത്തു നിന്ന് മാന്നാർ സി.ഐ എസ്.നുമാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കഴിഞ്ഞ ഫെബ്രുവരി 22ന് ദുബായിൽ നിന്നെത്തിയ കുരട്ടികാട് വിസ്മയ വിലാസത്തിൽ ബിന്ദുവിനെയാണ് (39) ഇരുപതോളം വരുന്ന സംഘം അർദ്ധ രാത്രിയിൽ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി തട്ടിക്കൊണ്ടുപോയത്. ക്രൂരമർദ്ദനത്തിനിരയായ ബിന്ദുവിനെ പിന്നീട് പാലക്കാട് വടക്കഞ്ചേരിക്ക് സമീപം റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ദുബായിൽ നിന്ന് നാട്ടിലെത്തിക്കാൻ ഏല്പിച്ച ഒന്നര കിലോ സ്വർണ്ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.