അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടി. ഈ മാസം 25ന് പ്രാബല്യത്തിൽ വന്ന വിലക്ക് മേയ് നാലിന് അവസാനിക്കാനിരിക്കെയാണ് 10 ദിവസത്തേക്കു കൂടി നീട്ടിയത്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വിമാന കമ്പനികൾ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ഈ മാസം 24ന് അർധരാത്രി മുതൽ അടുത്ത 10 ദിവസത്തേക്കാണ് യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യ വഴി യാത്ര ചെയ്ത ട്രാൻസിറ്റ് യാത്രക്കാരെയും യുഎഇയിലേക്കുള്ള വിമാനത്തിൽ പ്രവേശിപ്പിക്കില്ലെന്നാണ് അറിയിപ്പ്. എന്നാൽ കാർഗോ വിമാനങ്ങൾക്ക് വിലക്ക് ബാധകമല്ല. സ്വദേശി പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ,വ്യവസായികൾ,ഗോൾഡൻ വിസയുള്ളവർ എന്നിവർക്കു യാത്രാ വിലക്കിൽ ഇളവുണ്ട്. ഇവർ ദുബായിൽ എത്തിയ ശേഷം ആദ്യം പിസിആർ ടെസ്റ്റ് നടത്തണം. പിന്നീട് 10 ദിവസം ക്വാറന്റീനിൽ കഴിയണം. നാട്ടിൽ അവധിക്ക് വന്ന ഭൂരിഭാഗം പ്രവാസികളും യാത്രാ വിലക്കിനെ തുടർന്ന് തിരിച്ച് പോകാൻ കഴിയാതെ വലയുകയാണ്. എന്നാൽ യു.എ.ഇയിലുള്ളവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും..