sreekala

തിരുവനന്തപുരം: കലയെ സ്നേഹിച്ച ശ്രീകല ഒടുവിൽ മടങ്ങിയത് നാലുപേർക്ക് പുതുജീവൻ സമ്മാനിച്ച്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് 26ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിരുമല ആറാമട പ്ലാവിള കോട്ടുകോണം ജെ.ആർ.എ 841 ശ്രീലകത്തിൽ ഒ. ശ്രീകല (54) വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. തുടർന്ന് കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം അവയവങ്ങൾ നാലുപേർക്ക് ദാനം ചെയ്യുകയായിരുന്നു.

കലാകുടുംബമായിരുന്നു ശ്രീകലയുടേത്. ഡാൻസ് മാസ്റ്ററായ ഭർത്താവ് അനിൽകുമാറിനും നർത്തകിയായ മകൾ ശ്രീലക്ഷ്മിക്കുമൊപ്പം ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുമ്പോഴാണ് അപ്രതീക്ഷിതമായി ആ നാദം നിലച്ചത്. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡാൻസ് സ്‌കൂളിന്റെ പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമായ ശ്രീകല ജനപ്രിയ പരിപാടിയായ ഐഡിയ സ്റ്റാർ സിംഗറിലും പങ്കെടുത്തിരുന്നു.

വ്യാഴാഴ്ച വൈകിട്ടോടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ച ശ്രീകലയുടെ അവയവങ്ങൾ ആർക്കെങ്കിലും പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിൽ തങ്ങൾ തയ്യാറാണെന്ന് അനിൽകുമാർ ഡോക്ടർമാരെ അറിയിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ ആഗ്രഹം കിംസ് ആശുപത്രിയിലെ ഡോ. ഷാനവാസ് ആശുപത്രിയിലെ ട്രാൻസ്‌പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. മുരളീധരനെ അറിയിച്ചു. തുടർന്ന് മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറായ ഡോ. സാറ വർഗീസ്, സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ അവയവദാനത്തിനുള്ള നടപടികൾ സ്വീകരിച്ചു. വൃക്കകളും നേത്രപടലവുമാണ് ദാനം ചെയ്‌തത്. കിംസ് ആശുപത്രിയിൽ യൂറോളജി വിഭാഗത്തിലെ ഡോ. രേണുവിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തി വൃക്കകൾ പുറത്തെടുത്തത്.

ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കാണ് വച്ചുപിടിപ്പിച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവൻ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് നൽകി. നേത്രപടലങ്ങൾ ഗവ കണ്ണാശുപത്രിയിലെ രണ്ട് രോഗികൾക്കാണ് നൽകിയത്.