france

പാരിസ്: കൊവിഡ് വൈറസിന്റെ ഇന്ത്യൻ വകഭേദത്തിന്റെഅപകട സാധ്യത വളരെ വലുതാണെന്ന് മുന്നറിയിപ്പ് നൽകി ഫ്രാൻസിലെആരോഗ്യമന്ത്രി ഒളിവിയർ വെരാൻ. നിലവിലുള്ള കോവിഡ് വാക്സിനുകളിൽ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണോ എന്നതിൽ ആർക്കും വ്യക്തതയില്ലെന്നും അതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നുംഅദ്ദേഹം പറഞ്ഞു.

ഫ്രാൻസിൽ കൊവിഡ് വൈറസ് B.1.617 ഇന്ത്യൻ വകഭേദം മൂന്നുപേർക്ക് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽനിന്ന് തിരിച്ചെത്തിയ തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ താമസിക്കുന്ന ഒരു സ്ത്രീക്കാണ് രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ മറ്റ് രണ്ട് പേർക്കും രോഗം ബാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ വകഭേദം നിലവിൽ 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ഏറെ വ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദം അതി വിനാശകാരിയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. B.1.617.1, B.1.617.2, B.1.617.3 എന്നിങ്ങനെ B.1.617ന്റെ മൂന്ന് വകഭേദങ്ങളാണ് പ്രധാനമായും ഇന്ത്യയിൽ കണ്ടുവരുന്നത്.