china

ബീജിങ്: കൊവിഡിനതെിരെ നടത്തുന്ന പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാ പിന്തുണയും ഉറപ്പു നൽകി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ നിലവിലെ സ്ഥിതിയിൽ ദുഖം രേഖപ്പെടുത്തിയ ഷീ ജിന്‍പിംഗ് രാജ്യത്തെ ഉയരുന്ന കൊവിഡ് കേസുകളെ പിടിച്ചു കെട്ടാൻ ചൈന എല്ലാ വിധ സഹായവും നൽകുമെന്നും അറിയിച്ചു. ഇന്ത്യയുടെ ദുഖത്തിൽ ചൈനീസ് സർക്കാരും ചൈനയിലെ ജനങ്ങളും ഒപ്പമുണ്ടാകുമെന്ന് ഷീ ജിന്‍പിംഗ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യൻ സർക്കാരിന്റെ കീഴിൽ രാജ്യം ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയ്ക്ക് പിന്തുണയും സഹായവും നല്‍കാനും ചൈന സന്നദ്ധമാണെന്ന് ഷീ ജിന്‍പിംഗ് അറിയിച്ചതായി ചൈനീസ് മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലേക്ക് 25000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ് നിര്‍മ്മിക്കാനായിചൈനീസ് കമ്പനികൾ രാപ്പകൽ വ്യത്യാസമില്ലാതെ ഓവര്‍ടൈം ജോലി ചെയ്യുകയാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. കിടക്കകള്‍, മരുന്നുകള്‍, ഓക്സിജന്‍ എന്നിവയടക്കമുള്ള ആരോഗ്യ ഉപകരണങ്ങളാണ് പ്രധാനമായും ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. കാര്‍ഗോ വിമാനങ്ങളില്‍ ഇവ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും ചൈനീസ് അംബാസിഡര്‍ സുന്‍ വേയ്ഡോംഗ് ട്വീറ്റ് ചെയ്തിരുന്നു. ചൈനയുടെ സിച്വാന്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള കാര്‍ഗോ വിമാനങ്ങള്‍ റദ്ദാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

ലഡാക്ക് അർത്തിയിലെ ഏറ്റുമുട്ടലിന് ശേഷം ഇരു സർക്കാരുകളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പല തർക്ക വിഷയങ്ങളിലും പരിഹാരമായിട്ടില്ലെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കുന്നത് ലോകരാജ്യങ്ങളുടെ ഇടയിൽ ചൈനീസ് സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കും.

അതേ സമയം ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം 3,86,452 ആയി ഉയർന്നു. ഇതു വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,87,62,976, ആയി. നിലവിൽ രാജ്യത്ത് 31 ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് 3,498 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 2,08,330 ആയി