ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ശതകോടീശ്വരന്മാര്‍ സുരക്ഷിതകേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി മുംബൈ വിട്ട് ഗുജറാത്തിലെ ജാംനഗറിലെ വീട്ടിലേക്ക് മാറി. അതേസമയം രാജ്യത്തെ രണ്ടാമത്തെ ധനികനായ ഗൗതം അദാനി അഹമ്മദാബാദിലെ പ്രാന്തപ്രദേശത്തെ വീട്ടിലേക്ക് മാറിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അംബാനിയും കുടുംബവും ചുരുക്കം ചില സഹായികളും പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വമ്പൻ ഇരട്ട എണ്ണ ശുദ്ധീകരണ സമുച്ചയം ഇവർ താമസം മാറി എന്ന് പറയപ്പെടുന്ന ജാംനഗർ ടൗൺഷിപ്പിലാണ് സ്ഥിതി ചെയ്യുന്നത്. അദാനി മകന്‍ കരണിനും അടുത്ത കുടുംബാംഗങ്ങൾക്കും ഒപ്പമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനും നന്ദന്‍ നിലേകനിയും അവരവരുടെ വീടുകളിലാണ് തങ്ങുന്നത്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം മാത്രമാണ് താന്‍ കഴിക്കുന്നതെന്നും പുറത്തു നിന്നുളള സമ്പർക്കം ഒഴിവാക്കുകയാണെന്നും ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു. ബൈജൂസ് ആപ്പ് ഉടമ ബെെജു രവീന്ദ്രന്‍ ബംഗളൂരുവിലെ വസതിയില്‍ കുടുംബത്തോടെയാണ് താമസിക്കുന്നത്. ബൈജുവും അടുത്ത ജീവനക്കാരും മാത്രമാണ് ഈ വീട്ടിലുള്ളത്.
കൊവിഡ് രാജ്യത്ത് രൂക്ഷമായതിനു പിന്നാലെ ശതകോടീശ്വരൻമാർ കൂട്ടത്തോടെ സ്വകാര്യ ജെറ്റുകളിൽ കൂട്ടത്തോടെ ഇന്ത്യ വിടുന്നതായ റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. സ്വകാര്യ ജെറ്റുകളിൽ രാജ്യം വിടാൻ സാമ്പത്തിക ശേഷിയുളളവർ യൂറോപ്പിലേേക്കും മിഡിൽ ഈസ്റ്റിലേക്കും സുരക്ഷിത ഇടങ്ങളിലേക്ക് പാലായനം ചെയ്യുന്നതായാണ് റിപ്പോർട്ട്. പ്രെെവറ്റ് ജെറ്റ് കമ്പനികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബ്ലൂംബെർഗ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉളളത്.