കേരളം ഉറ്റുനോക്കുന്ന, ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ കടുത്ത മത്സരമാണ് നടക്കുകയെന്ന് പ്രമുഖ വാർത്താ ചാനലിന്റെ പോസ്റ്റ് പോൾ സർവേ. എന്നിരുന്നാലും യുഡിഎഫിന് വേണ്ടി ബിജെപിയിൽ നിന്നും കെ മുരളീധരൻ നേമം പിടിച്ചെടുക്കുമെന്നും ചാനൽ സർവേ പറയുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ വി ശിവൻകുട്ടി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ പ്രവചിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ബിജെപി ആണ് മേൽക്കൈ നേടിയത്. അതേസമയം കഴക്കൂട്ടം മണ്ഡലത്തിൽ എൻഡിയുടെ ശോഭാ സുരേന്ദ്രനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലാണ് മത്സരമെന്നും ചാനൽ പറയുന്നു. മണ്ഡലത്തിൽ കടുത്ത മത്സരം നടക്കുമെന്നാണ് വിലയിരുത്തലെങ്കിലും കടകംപള്ളി സുരേന്ദ്രൻ തന്നെ ഇവിടെ വിജയിക്കുമെന്നാണ് ചാനൽ സർവേ പറയുന്നത്.
നേരിയ മേൽക്കൈ ആണ് അദ്ദേഹത്തിനുള്ളത്. യുഡിഎഫിന്റെ എസ്എസ് ലാൽ ഇവിടെ മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരം മണ്ഡലത്തിലാകട്ടെ വിഎസ് ശിവകുമാർ വീണ്ടും ജയം നേടുമെന്നാണ് ചാനലിന്റെ പ്രവചനം.
എൽഡിഎഫിന്റെ ആന്റണി രാജു ഇവിടെ രണ്ടാം സ്ഥാനത്തും എൻഡിഎയുടെ കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തുമാണ്. കൊല്ലം ജില്ലയിലെ കുണ്ടറയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തോൽക്കുമെന്നും ചാനൽ പറയുന്നുണ്ട്. യുഡിഎഫിന്റെ പിസി വിഷ്ണുനാഥ് ഇവിടെ അട്ടിമറി വിജയം നേടുമെന്നാണ് ചാനൽ സർവേ പറയുന്നത്. അതേസമയം കൊല്ലം മണ്ഡലത്തിൽ മുകേഷ് വീണ്ടും ജയം നേടുമ്പോൾ യുഡിഎഫിന്റെ ബിന്ദു കൃഷ്ണ ഇവിടെ രണ്ടാം സ്ഥാനത്തെത്തുമെന്നും പ്രവചനമുണ്ട്.
content highlight: channel survey prdicts chances of win in nemom kahzkkottam kollam kundara and thiruvananthapuram.