ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും ക്രിക്കറ്റ്താരങ്ങൾ രംഗത്തെത്തി. ഡൽഹി ക്യാപിറ്റൽസിന്റെ ഇന്ത്യൻ ഓപ്പണർശിഖർ ധവാൻ, രാജസ്ഥാൻ റോയൽസിന്റെ ഇടങ്കൈയ്യൻ പേസർ ജയദേവ് ഉനദ്കഡ്, കിംഗ്സ് ഇലവൻ പഞ്ചാബിന്റെ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരൻ എന്നിവരാണ് പുതുതായി സഹായം നൽകുമെന്ന് അറിയിച്ചത്. ഓക്സിജൻ ദൗർബല്യം പരിഹരിക്കുന്നതിനായി 20 ലക്ഷം രൂപയാണ് ധവാൻ സംഭാവന നൽകിത്. ഐ.പി.എല്ലിൽ നിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ 10 ശതമാനം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി നൽകുമെന്ന് ഉനദ്കഡ് വ്യക്തമാക്കി.
ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തനിക്ക് ഐ.പി.എല്ലിൽ നിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗം നൽകുമെന്ന് സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് പൂരൻ വീഡിയോ സന്ദേശമായി അറിയിച്ചത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാവരും തങ്ങളാലാവും വിധം സംഭാവന നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നേരത്തേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസീസ് താരം പാറ്റ് കമ്മിൻസ് 50,000ഡോളർ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മുൻ ഓസീസ് താരവും നിലവിൽ കമന്റേറ്ററുമായ ബ്രെറ്റ് ലീ 41 ലക്ഷം രൂപയാണ് ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയത്.