pc-vishnunath

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്റെ 112-ാം ജന്മദിനത്തിൽ അദ്ദേഹം കേരളത്തിന് നൽകിയ സംഭാവനകൾ വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പുമായി കെപിസിസി ഉപാദ്ധ്യക്ഷൻ പിസി വിഷ്ണുനാഥ്. കേരളാ മോഡൽ വികസനത്തിന് ആർ ശങ്കർ എന്ന കർമ്മയോഗി നൽകിയ സംഭാവനകൾ നാം വേണ്ടവിധം പരിഗണിച്ചിട്ടില്ല എന്നും പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടുന്നു. തുടർന്ന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുകയാണ് കോൺഗ്രസ് നേതാവ്. കേരള സംസ്ഥാനത്തിനും കോൺഗ്രസ് പാർട്ടിക്കും അദ്ദേഹം നൽകിയ സംഭാവനകൾക്ക് മുൻപിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് പിസി വിഷ്ണുനാഥ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'കേരള മോഡൽ' വികസനത്തിന്റെ നാൾവഴികളിലേക്ക് ചില മലയാളികൾക്കെങ്കിലും തിരിഞ്ഞു നോക്കാനുള്ള സാഹചര്യവും സാവകാശവും നല്കിയിരുന്നു ഈ കോവിഡ് കാലം. ആ സന്ദർഭത്തിൽ വേണ്ടവിധം പരിഗണിക്കപ്പെടാതെ പോയ ഒരു ഒരു പേരാണ് ശ്രീ ആർ ശങ്കറിന്റേത്. 1970കൾക്ക് മുൻപുള്ള ദശകങ്ങളിൽ കേരളത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും ധനമന്ത്രിയായും സമാന്തരമായി എസ്.എൻ.ഡി.പി യോഗത്തിന്റെ അധ്യക്ഷനായും അശാന്തമായി പരിശ്രമിച്ച കർമ്മയോഗിയാണ് ശങ്കർ.

ഇന്ത്യയിലെ തന്നെ ആദ്യത്തെ സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കുന്നത് ആർ ശങ്കറാണ് . വൃദ്ധരും വികലാംഗരും വിധവകളുമായിരുന്നു ആദ്യമായി ഈ പദ്ധതിയിൽ ഉൾപ്പെട്ടത്.

കേരളത്തിൽ നടന്ന വിദ്യഭ്യാസ വിപ്ലവത്തിലും സാമ്പത്തിക വികാസത്തോടൊപ്പം സാമൂഹ്യക്ഷേമത്തിനു കൂടി പരിഗണന നൽകണമെന്ന നമ്മുടെ ദിശാബോധത്തിനും സാമൂഹ്യ-സാമ്പത്തിക വികാസത്തിലേക്കുള്ള ഈഴവ സമൂഹത്തിന്റെ കുതിപ്പിനും ഗണ്യമായ സംഭാവനകൾ നൽകിയ നേതാവ് എന്ന നിലയിൽ കേരളചരിത്രത്തിൽ നിർണായകമായ സ്ഥാനം ശങ്കറിനുണ്ട്.

സംസ്ഥാനത്താകമാനം പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നല്കാനും ഏഴാംക്ലാസ്സ് വരെ സൗജന്യ വിദ്യാഭ്യാസം നൽകാനുമുള്ള തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു.

മത്സ്യത്തൊഴിലാളികൾക്കുള്ള ദുരിതാശ്വാസ ഫണ്ട്‌ രൂപീകരണവും ഭഷ്യസുരക്ഷക്കായി ദാരിദ്ര്യം നേരിടുന്നവർക്കായി ന്യായവിലഷോപ്പുകൾ വഴി അരിവിതരണവും ഭവന നിർമ്മാണ പദ്ധതിയും ശങ്കർ നടപ്പാക്കി.

എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ എന്ന ഇന്നത്തെ UDF ന്റെ നയം അന്ന് ആർ. ശങ്കർ എന്ന ഭരണാധികാരി കണ്ട സ്വപ്നം കൂടിയാണ്.

നിരവധി എയ്ഡഡ് സ്കൂളുകൾ, നഴ്സറി ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ, സർക്കാർ സ്വകാര്യ മേഖലകളിൽ എൻജിനിയറിങ് കോളേജുകൾ, പോളി ടെക്നിക്കുകൾ, വനിതാ പോളി ടെക്നിക്കുകൾ, ഐ.ടി.ഐ കൾ, ജൂനിയർ ടെക്‌നിക് സ്കൂളുകൾ, നഴ്സിംഗ് കോളേജുകൾ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്.. എന്നിങ്ങനെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിനും വികാസത്തിനും ശങ്കർ എന്ന വിദ്യാഭ്യാസ മന്ത്രി കാരണമായി.
ഉന്നത വിദ്യാഭ്യാസത്തിനായി പലിശ രഹിത വിദ്യാഭ്യാസ വായ്പ നൽകുന്ന സംവിധാനം രൂപപ്പെടുത്താനും ഗ്രാമങ്ങളിൽ ജൂനിയർ കോളേജുകൾ സ്ഥാപിച്ച് സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രീ ഡിഗ്രി വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സൗകര്യമൊരുക്കാനും ശങ്കർ ശ്രമിച്ചു.

ആർ. ശങ്കറിന്റെ 112 ആം ജന്മദിനമാണ് ഇന്ന്. കേരളത്തിനും കോൺഗ്രസ്‌ പാർട്ടിക്കും അദ്ദേഹം നൽകിയ സംഭവനകൾക്ക് പ്രണാമം.

'കേരള മോഡൽ' വികസനത്തിന്റെ നാൾവഴികളിലേക്ക് ചില മലയാളികൾക്കെങ്കിലും തിരിഞ്ഞു നോക്കാനുള്ള സാഹചര്യവും സാവകാശവും...

Posted by Pc vishnunadh on Friday, 30 April 2021

content higlight: pc vishnunath of congress about the contributions of former kerala chief minister r shankar.