തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ നയത്തെ വിമർശിച്ച നടൻ സിദ്ധാർത്ഥിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ സലാം ബാപ്പു.. പദവികള്‍ക്കും അംഗീകാരങ്ങള്‍ക്കും വേണ്ടി ഭരണ വര്‍ഗ്ഗത്തിന് മുന്നില്‍ നട്ടെല്ല് വളച്ച്, മുട്ടിലിഴയുന്ന ഇവിടത്തെ കലാകാരന്മാര്‍ക്കിടയില്‍ വ്യത്യസ്തനാണ് സിദ്ധാര്‍ഥ് എന്ന് സലാം ബാപ്പു പറഞ്ഞു. കുറ്റകരമായ മൗനം തുടരുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ സിദ്ധാര്‍ഥിനെ പോലെയുള്ളവര്‍ വേറിട്ട് നില്‍ക്കുകയാണെന്നും സലാം ബാപ്പു പറഞ്ഞു.
നേതാക്കളുടെ ഏത് നെറികേടിനെയും ന്യായീകരിക്കാന്‍ വരുന്ന അണികള്‍ തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാപം. ഒരു രാജ്യം നയിക്കപ്പെടേണ്ടത് ഇങ്ങനെയാണോ? രാജ്യം ഇപ്പോള്‍ കടന്ന് പോകുന്ന സാഹചര്യം അത്യന്തം ഭീതിജനകമാണു. പൊതുവെ ഭരണകൂട താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ആരോപണം നേരിടുന്ന സുപ്രീം കോടതിയില്‍ നിന്ന് പോലും ഭരകൂടങ്ങളെ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യം വന്നിരിക്കുന്നു. ഒരു ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടതാണെന്ന് പോലും മറന്ന് മോഡിയും യോഗിയും അടക്കമുള്ളവര്‍ അധികാരത്തിന്റെ ലഹരിയില്‍ കാണിച്ച് കൂട്ടുന്നത് എന്തൊക്കെയാണ്
മനുഷ്യന്‍ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ഓക്‌സിജനും വാക്‌സിനേഷനും കച്ചവടമാക്കുക എന്ന് പറഞ്ഞാല്‍ എത്ര അപകടകരമായ സാഹചര്യമാണത്. പോളിയോ, വസുരി തുടങ്ങി പന്നിപ്പനി, കോളറ, മലേറിയ, ഡെങ്കി തുടങ്ങിയ വിവിധ രോഗങ്ങളും പല പകര്‍ച്ച വ്യാധികളും രാജ്യത്ത് പടര്‍ന്ന് പിടിച്ചിട്ടുണ്ട്. അതിനെതിരെ രാജ്യം ശാസ്ത്രീയമായ നടപടികളിലൂടെ പരിഹാരം കണ്ടു. സൗജന്യ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയും രോഗങ്ങള്‍ നിയന്ത്രിക്കുകയോ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവിടെ ഐസിയുവില്‍ കിടക്കുന്ന ശ്വാസം കിട്ടാതെ പിടയുന്നവന്റെ വായില്‍ ഗോമൂത്രം ഒഴിച്ച് കൊടുക്കുന്ന സാഹചര്യമാണ്.
അധികാരത്തിന്റെ ഭ്രാന്തില്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചവരെ പോലെ ഈ നിലവിളികള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവര്‍ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. സിദ്ധാര്‍ത്ഥിനെ പോലുള്ള അപൂര്‍വ്വം മനുഷ്യര്‍ വിലപിക്കുന്നു. പൊട്ടിത്തെറിക്കുന്നു. 90 ശതമാനം കലാകാരന്മാരും നട്ടെല്ല് വളച്ച് ഏമാനേ എന്ന് പറഞ്ഞ് ഭയന്നിരിക്കുന്നു. ഒരു ജനത നിലവിളിക്കുമ്പോ രാജാവ് നഗ്‌നനാണെന്ന് പറയാന്‍ നാവ് പൊന്താത്തവന്‍ എന്ത് കലാകാരനാണു? നേതാക്കളുടേയും പാര്‍ട്ടിയുടേയും ഏത് നെറികേടിനും കൂട്ട് നില്‍ക്കുന്ന അടിമകളായ അണിയളുടെ നിലവാരത്തിലാണൊ ഒരു കലാകാരന്‍ നില്‍ക്കേണ്ടത്?
ഇപ്പോള്‍ ഏറ്റവും കുറഞ്ഞത് നടന്‍ സിദ്ധാര്‍ത്ഥിനൊപ്പം നില്‍ക്കുക എന്നതെങ്കിലും ചെയ്യുന്നില്ലെങ്കില്‍ ചരിത്രത്തില്‍ പുഴുക്കള്‍ക്ക് സമാനമാകും ഈ കലാകാരന്മാരുടെയൊക്കെ സ്ഥാനം. ഭാസ്‌കര പട്ടേലിനു കീഴിലെ അടിമയായ തൊമ്മിയെ പോലെയുള്ള ജീവിതം കലാകാരന്മാര്‍ക്ക് നല്ലതല്ല എന്ന് തന്നെയാണു എന്റെ വിശ്വാസം… സിദ്ധാര്‍ത്ഥിനൊപ്പം… വിലപിക്കുന്ന മനുഷ്യ ജന്മങ്ങള്‍ക്കൊപ്പം. സലാം ബാപ്പു പറയുന്നു