-covid-vaccine

മോസ്‍കോ: മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ആദ്യ കൊവിഡ് വാക്‌സിന്‍ നി‌ർമിച്ച് റഷ്യ. വിവിധ മൃ​ഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കൊവിഡിനെതിരായ ആന്റിബോഡികൾ സൃഷ്ടിച്ചതായ കണ്ടെത്തലിനെ തുടർന്ന് റഷ്യ കാർണിവാക്-കോവ് എന്ന പേരിൽ വാക്സിൻ രജിസ്റ്റർ ചെയ്തിരുന്നു. നായ, കുറുക്കന്‍, നീര്‍നായ എന്നിവയില്‍ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിന്‍ കൊവി‍ഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

17,000 ഡോസ് വാക്‌സിന്‍ നിലവിൽ വിതരണത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇവ റഷ്യയിലെ വിവിധ പ്രവിശ്യകളിൽ വിതരണം ചെയ്യും. പൂച്ച, നായ തുടങ്ങിയ മൃഗങ്ങളിലേക്കും കൊവിഡ് പകരാൻ സാദ്ധ്യതയുണ്ട്. മൃ​ഗങ്ങളിൽ നിന്ന് അപകടകരമായ മ്യൂട്ടേഷനുകൾ സംഭവിച്ച് മനുഷ്യനിലേക്ക് പകർന്നേക്കാം. ഇതിനാലാണ് ഇത്തരം വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് റഷ്യന്‍ മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു.

ജര്‍മ്മനി, ​ഗ്രീസ്, പോളണ്ട്, ഓസ്ട്രേലിയ, കസാ​ക്കിസ്ഥാൻ, താജിക്കിസ്ഥാൻ, മലേഷ്യ, തായ്‌ലാൻഡ്, ലെബനൻ, ഇറാൻ, ദക്ഷിണ കൊറിയ, അ‌ർജന്റീന തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം സംഘടനകള്‍ മൃഗങ്ങള്‍ക്കായുളള കൊവിഡ് വാക്‌സിന് വേണ്ടി, രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വാക്സിൻ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

വംശനാശഭീഷണിയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിനും വൈറസിന്റെ മ്യൂട്ടേഷന്‍ തടയുന്നതിനും വാക്‌സിന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. യൂറോപ്യന്‍ യൂണിയനില്‍ മരുന്നിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വാക്സിൻ നിര്‍മ്മാതാക്കള്‍ അറിയിച്ചു. കൊവിഡ് മനുഷ്യരിൽ നിന്നും മൃ​ഗങ്ങളിലേക്കും, തിരിച്ചും പകരാനുളള സാദ്ധ്യതയെക്കുറിച്ച് ലോകാരോ​ഗ്യ സംഘടന നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.