dd

മലപ്പുറം: മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ മലപ്പുറം നിയോജക മണ്ഡലത്തിന് വേറിട്ടൊരു ചരിത്രമുണ്ട്. 1979ൽ കാൽലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചെത്തിയ സി.എച്ച്.മുഹമ്മദ് കോയയെ കാത്തിരുന്നത് മുഖ്യമന്ത്രി പദമാണ്. മൂന്ന് മാസക്കാലമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ ഏക മുഖ്യമന്ത്രിയാണ് സി.എച്ച്. മലപ്പുറം ജില്ലയിലെ പാറ പോലെ ഉറച്ച പച്ചക്കോട്ട ഏതെന്ന് ചോദിച്ചാൽ ഉത്തരം മലപ്പുറം നിയോജക മണ്ഡലം എന്നായിരിക്കും. ചരിത്രം മുതൽ സമകാലിക രാഷ്ട്രീയം വരെ പച്ച പുതച്ച് നിൽക്കുകയാണ് മലപ്പുറം. സാധാരണഗതിയിൽ വലിയ മത്സരം മലപ്പുറത്ത് അരങ്ങേറാറില്ല. ലീഗിനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തുന്നതിൽ പ്രതിപക്ഷ പാർട്ടികളും താത്പര്യം കാണിക്കാറില്ല. എന്നാൽ ഇത്തവണ കാര്യങ്ങൾ അങ്ങനെ അല്ലെന്നാണ് ഇടതുകേന്ദ്രങ്ങൾ പറയുന്നത്. യു.ഡി.എഫിനായി സിറ്റിംഗ് എം.എൽ.എ പി.ഉബൈദുള്ള മൂന്നാംഅങ്കത്തിനിറങ്ങിയപ്പോൾ കന്നിമത്സരത്തിൽ ശക്തമായ പോരാട്ടത്തിലാണ് സി.പി.എമ്മിന്റെ പാലോളി അബ്ദുറഹ്മാൻ. എൻ.ഡി.എയ്ക്കായി ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം എ. സേതുമാധവനും മത്സരിക്കുമ്പോൾ പതിവിനേക്കാൾ കവിഞ്ഞ പോരാട്ട വീര്യം മണ്ഡലത്തിൽ പ്രകടം.

കോഡൂർ സ്വദേശിയും മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാനുമായ പാലോളി അബ്ദുറഹ്മാൻ മണ്ഡലത്തിൽ സുപരിചിതനാണ്. സിറ്റിംഗ് എം.എൽ.എ എന്ന നിലയിലെ ഒരുപതിറ്റാണ്ടിലെ ബന്ധത്തിൽ മണ്ഡലത്തെ കൈവെള്ള പോലെ അറിയാമെന്ന ആത്മവിശ്വാസത്തിലാണ് പി.ഉബൈദുള്ള. സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ മലപ്പുറത്ത് നിന്ന് വിജയിച്ച ചരിത്രവും യു.ഡി.എഫിന് ആത്മവിശ്വാസമേകുന്നു. 2011നെ അപേക്ഷിച്ച് 2016ൽ ഭൂരിപക്ഷത്തിൽ 8,836 വോട്ട് കുറയ്ക്കാനായ ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പ്. 2011ൽ 44,508 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിൽ 2016ൽ കെ.പി.സുമതിയിലൂടെ 35,672 ആയി കുറക്കാൻ എൽ.ഡി.എഫിനായിട്ടുണ്ട്. ലീഗിന്റെ ആസ്ഥാന കേന്ദ്രമായ പാണക്കാട് ഉൾപ്പെടുന്ന മണ്ഡലത്തിലെ വോട്ടിലെ കുറവ് പോലും വലിയ ചർച്ചയ്ക്ക് വഴിവയ്ക്കും.

മാറുമോ,​ തുടരുമോ

മണ്ഡലത്തിൽ മാറ്റം വേണമെന്ന് വോട്ടർമാർ ചിന്തിക്കുമെന്നതിലാണ് അവസാന നിമിഷവും ഇടതുക്യാമ്പിന്റെ പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാനാണ് ശ്രമം. എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ ഉബൈദുള്ളയും ഉയർത്തിക്കാട്ടുന്നു. മറ്റൊന്നിനും വലിയ ഇടം കൊടുക്കാതെ വികസനത്തിൽ ഊന്നിയാണ് മുന്നണികളുടെ അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത്. ഉബൈദുള്ളയും പാലോളി അബ്ദുറഹ്മാനും ഇതിനകം രണ്ടുതവണ മണ്ഡലത്തിലെ ഓരോ ഇടങ്ങളിലുമെത്തി വോട്ടഭ്യർത്ഥന നടത്തി കഴിഞ്ഞു. രാവിലെ മുതൽ ഉച്ച വരെ കൺവെൻഷനുകളും വൈകിട്ടോടെ റോഡ് ഷോകളുമാണ് നടത്തുന്നത്. മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും ഒരുവട്ടം കൂടി ഓടിയെത്താനാണ് സ്ഥാനാർത്ഥികളുടെ തീരുമാനം. ബൂത്തിലേക്കുള്ള ദിവസങ്ങൾ എണ്ണപ്പെട്ടതിന്റെ ആവേശം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രകടമാണ്. സ്ഥാനാർത്ഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നുണ്ട്. സ്‌ക്വാഡ് വർക്കുകൾ മുഖേന വീടുകളിൽ വോട്ടഭ്യർത്ഥന എത്തിച്ചു കഴിഞ്ഞു. വരുദിവസം വോട്ടർ സ്ലിപ്പുകളുമായി വീണ്ടും വീടുകളിലെത്തി വോട്ടഭ്യർത്ഥിക്കും.

ചരിത്രം ലീഗിനൊപ്പം
1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ മറുനാട്ടുകാരനായ കെ.ഹസ്സൻ ഗനിയായിരുന്നു മലപ്പുറത്ത് നിന്ന് വിജയിച്ചത്. 1960ലും ഹസ്സൻ ഗനി തുടർന്നു. 67ൽ എം.പി.എം അഹമ്മദ് ഗുരിക്കളാണ് നാട്ടുകാരനായ ആദ്യ സ്ഥാനാർത്ഥി. 70ൽ യു.എ.ബീരാനും 77ൽ സി.എച്ച്.മുഹമ്മദ് കോയയും വലിയ ഭൂരിപക്ഷത്തിന് വിജയിച്ചു കയറി. 82 മുതൽ 87 വരെ പി.കെ.കുഞ്ഞാലിക്കുട്ടി ആയിരുന്നു മണ്ഡലത്തിന്റെ സാരഥി. 91ൽ യൂനുസ് കുഞ്ഞും 96ലും 2001ലും എം.കെ.മുനീറും 2001ൽ എം.ഉമ്മറും വിജയിച്ചു കയറി. 2011 മുതൽ പി.ഉബൈദുള്ളയാണ് മണ്ഡലത്തിന്റെ സാരഥി.


2016ലെ തിരഞ്ഞെടുപ്പ് ഫലം
പി.ഉബൈദുള്ള (മുസ്‌ലിം ലീഗ്) - 81,072
അഡ്വ.കെ.പി. സുമതി (സി.പി.എം) - 45,400
കെ.എൻ.ബാദുഷ തങ്ങൾ (ബി.ജെ.പി) - 7,211

ഭൂരിപക്ഷം - 35,762