bharathapuzha

മലയാളിയുടെ ഗൃഹാതുര ഓർമ്മകളെ സമ്പന്നമാക്കിയ ഭാരതപ്പുഴയെന്ന നിളയിപ്പോൾ വറ്റിവരണ്ട് നീർച്ചാലായിട്ടുണ്ട്. പ്രളയത്തിൽ നിലതെറ്റിയൊഴുകിയ നിളയിൽ നീർച്ചാലുകൾ പോലും അപൂർവകാഴ്ചയാണിപ്പോൾ. വേനൽ കടുക്കും മുൻപേ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നിളയോരത്തെ പതിനായിരക്കണക്കിന് കുടുംബങ്ങൾ. നീരൊഴുക്ക് നിലച്ച് അങ്ങിങ്ങായി മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. താത്കാലിക തടയണകളൊരുക്കി ശേഷിക്കുന്ന വെള്ളം സംരക്ഷിക്കാൻ പരിസരവാസികൾ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാവുന്നില്ല. ഒരു വർഷം 7,478 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം നിളയിലൂടെ ഒഴുകിപ്പോവുന്നുണ്ടെന്നാണ് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെ കണക്ക്. ഇതിൽ നല്ലൊരു പങ്കും മൺസൂണിലാണ്. നിള ഒഴുകുന്ന പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെ ജലസമ്പന്നമാക്കാൻ ഇതു മാത്രം മതി. എന്നിട്ടും വേനലടുക്കും മുൻപേ നിളയോരം കുടിനീരിനായി നെട്ടോട്ടമോടുകയാണ്. നിള പുനരുദ്ധാരണ പദ്ധതികൾ വോട്ടിനുള്ള തന്ത്രം മാത്രമാക്കി മാറ്റുമ്പോൾ നിളയോരവാസികൾ വിഡ്ഢികളാവുന്നത് ആവർത്തിക്കുന്നത് മിച്ചം.

എത്രയെത്ര പദ്ധതികൾ
നിളയെ സംരക്ഷിക്കുന്നതിനായി വിവിധ സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ ഒരു ഡസൻ കവിയും. പല പദ്ധതികളും അട്ടിമറിക്കപ്പെട്ടു. നടപ്പാക്കിയവ എങ്ങുമെത്തിയതുമില്ല. അമിത മണലെടുപ്പും മാലിന്യ നിക്ഷേപവും മൂലം നാശത്തിലേക്ക് നീങ്ങിയ നിളയെ സംരക്ഷിക്കുന്നതിനും പ്രധാന ജലടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുമായി 2015 ൽ സർക്കാർ പ്രഖ്യാപിച്ച 'പുഴ മുതൽ പുഴ വരെ' പദ്ധതി ഏറെ പ്രതീക്ഷയോടെയാണ് നിളയോരം വരവേറ്റത്. എന്നാൽ തുടക്കത്തിലെ നിക്ഷിപ്ത താത്പര്യക്കാർ പദ്ധതിക്ക് ചരമ ഗീതമെഴുതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 'പുനർജ്ജനി' എന്ന പേരിൽ മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്യപ്പെട്ടു. ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് മുതൽ കുറ്റിപ്പുറം വരെ ഭാരതപ്പുഴയിൽ ആറ് മീറ്റർ ഉയരത്തിൽ ജലസംഭരണം സാദ്ധ്യമാക്കുക കൂടി ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി. ബോട്ട് സർവീസ്, ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റ്, വാട്ടർ ഗെയിംസ്, ഹൗസ് ബോട്ട് എന്നിവ ഒരുക്കുമെന്നും പ്രഖ്യാപിച്ചു. ഇതിന് മുമ്പ് ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച പരിഹരിക്കാനും ധാരണയായി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ചോർച്ച അടയ്‌ക്കാനുള്ള നടപടി തുടങ്ങിയത്. പുനർജ്ജനി പദ്ധതിക്ക് അനക്കം വയ്ക്കാൻ ഇനിയും ഏറെക്കാലം വേണ്ടിവരും. നിളയിൽ അടിഞ്ഞുകൂടിയ ചെളിയും ഇവിടങ്ങളിൽ വളർന്ന കാടുകളും നീക്കം ചെയ്യുന്നതിന് ബൃഹദ് പദ്ധതി നടപ്പാക്കുമെന്ന് അറിയിച്ചെങ്കിലും ഏതാനും പ്രദേശങ്ങളിലെ ചെളി നീക്കലിൽ ഒതുങ്ങി ഇതും.
നിളയുടെ സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കാൻ കേന്ദ്ര ജലകമ്മിഷന് കേന്ദ്ര സർക്കാരും നിർദ്ദേശമേകിയിരുന്നു. കേരളത്തിലെ ഒരു നദിയുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര ജലവകുപ്പ് ആദ്യമായി ഇടപെട്ടതും നിളയ്ക്ക് വേണ്ടിയായിരുന്നു. നിളയുടെ പുനരുജ്ജീവന പദ്ധതിക്കായി കേരള, തമിഴ്നാട് സർക്കാരുകളുടെയും വിദഗ്ദ്ധരുടെയും യോഗം വിളിക്കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിളസംരക്ഷണ കൂട്ടായ്മകൾക്ക് ഉറപ്പേകി. മുൻ പദ്ധതികളുടെ ഗതി തന്നെ ഇതിനും സംഭവിച്ചതോടെ നിളയുടെ പുനരുജ്ജീവനം ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

കുടിക്കേണ്ടത് കോളിഫോം

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ മാനദണ്ഡപ്രകാരം ഭാരതപ്പുഴയുടെ പല മേഖലകളിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം തീർത്തും മോശമാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡമനുസരിച്ച് പട്ടാമ്പി, തൃത്താല മേഖലകളിൽ വെള്ളം ഏറ്റവും മോശമായ 'ഇ' വിഭാഗത്തിലാണ്. കോളിഫോം ബാക്ടീരിയകളുടെ അളവ് കൂടിയ തോതിലാണ്.

എന്നിട്ടും സെപ്റ്റിക് മാലിന്യമടക്കം നിർബാധം തള്ളുന്നതിന് ഒരു കുറവുമില്ല. മൂന്ന് ജില്ലകളിലെ അസംഖ്യം മാലിന്യ ഓടകൾ തുറക്കുന്നതും നിളയിലേക്കാണ്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള മാലിന്യങ്ങളടക്കം ഒഴുക്കിയത് ഭാരതപ്പുഴയിലേക്കാണ്. ഇവിടെ ഒരു കിലോമീറ്ററിനുള്ളിൽ ആറിടത്തായി പൈപ്പുകളിലൂടെ മലിനജലം പുഴകളിലെത്തുന്നുണ്ട്. നിളാതീരത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് മലിനജല ശുദ്ധീകരണത്തിന് സംവിധാനങ്ങൾ ഒരുക്കണമെന്നത് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. എന്നാൽ പലരും ഇതുകേട്ട ഭാവം പോലും നടിക്കുന്നില്ല.

ചില്ലറയല്ല കൊള്ള

നാലുപതിറ്റാണ്ടിലധികം നീണ്ട മണൽക്കൊള്ളയാണ് നിളയെ ഒഴുകാത്ത പുഴയാക്കി മാറ്റിയത്. വേനലിൽപ്പോലും ഇരുകരകളെയും തഴുകി തെളിനീരുമായി ഒഴുകിയ നിളയുടെ കാഴ്ച പുതുതലമുറയ്ക്ക് അന്യമാക്കിയതും മാറ് പിളർന്നുള്ള ഈ മണലൂറ്റലാണ്. 36 സർക്കാർ അംഗീകൃത കടവുകളിൽ നിന്ന് ഒരു വർഷം 5.1ലക്ഷം ക്യൂബിക് മീറ്റർ മണലാണ് നിളയിൽ നിന്ന് കോരിയെടുത്തത്. ഇരുട്ടുവീണാൽ പിന്നെ പുലരുവോളം മണലൂറ്റിയിരുന്ന 600ഓളം അനധികൃത മണൽകടവുകളും നിളയിലുണ്ടായിരുന്നു. മണൽ കൊള്ളയ്ക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നുണ്ടെന്ന് അധികൃത‌ർ അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും രാത്രിയുടെ മറവിൽ മണൽകൊള്ള അരങ്ങേറുന്നുണ്ട്. പലയിടങ്ങളിലും നാലും അഞ്ചും മീറ്ററിലധികം ആഴത്തിൽ മണലൂറ്റിയപ്പോൾ അവശേഷിച്ചത് ചെളിക്കുണ്ടുകളാണ്. നിളയെ സംരക്ഷിക്കാൻ ഇനിയെങ്കിലും ഭരണകൂടങ്ങൾ നടപടിയെടുത്തില്ലെങ്കിൽ നിള എന്നൊരു പുഴയുണ്ടായിരുന്നു എന്നാവും വരുംതലമുറ കേൾക്കേണ്ടി വരിക.