അരീക്കോട് : നരേന്ദ്രമോദി രാജ്യത്ത് വിദ്വേഷം പരത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത അഞ്ചുവർഷം കേരളം എങ്ങനെ ഭരിക്കണം എന്നുള്ളതിൽ യു.ഡി.എഫിന് വ്യക്തമായ ധാരണയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഏറനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അരീക്കോട് നടത്തിയ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് മണ്ഡലത്തിൽ വിനോദസഞ്ചാരം വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. രാജ്യത്തിലെ തന്നെ വിനോദ സഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായി വയനാടിനെ മാറ്റാനാണ് ആഗ്രഹിക്കുന്നത്. കർഷകർക്ക് ഏറ്റവും സൗകര്യപ്രദമായിട്ടുള്ള നാടായി വയനാടിനെ മാറ്റും. അതിന് യുഡിഎഫ് അധികാരത്തിൽ വരണം. ന്യായ് പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് കൃത്യമായ വരുമാനം ലഭിക്കും. പ്രതിമാസം 6,000 രൂപയും വർഷത്തിൽ 72,000 രൂപയും പാവപ്പെട്ടവന്റെ കൈകളിലേക്ക് എത്തിക്കുക എന്നതുമാണ് യു.ഡി.എഫ് ചെയ്യാനുദ്ദേശിക്കുന്നത്. ഇതിലൂടെ രാജ്യത്തെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാൻ സാധിക്കും. സി.എ.എ ഒരിക്കലും ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഏറനാട്ടിൽ ആവേശമായി
രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോ
ഊർങ്ങാട്ടിരി തെരട്ടമ്മൽ മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽഗാന്ധി ജനങ്ങളെ ആവേശം കൊള്ളിച്ചു. തെരട്ടമ്മലിൽ നിന്നും അരീക്കോട്ടെ വാഴക്കാട് ജംഗ്ഷൻ വരെയായിരുന്നു രാഹുൽ ഗാന്ധി തുറന്ന വാഹനത്തിൽ റോഡ്‌ഷോ നടത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ബഷീർ വാഹനത്തിൽ രാഹുൽഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു. റോഡ്‌ഷോ കാണാൻ നിരവധി പേരാണ് പലയിടങ്ങളിലായി ഒത്തുകൂടിയത്.