മഞ്ചേരി: വേനൽ ചൂടിനെ വെല്ലുന്ന പ്രചരണം, മഞ്ചേരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്കടുക്കുമ്പോൾ ഇതുവരെ കാണാത്ത ആവേശത്തിലാണ് നേതാക്കളും അണികളും . ജില്ലയിലെ യു.ഡി.എഫിന്റെ ഉറച്ചകോട്ടയെന്ന് പറയുന്ന മഞ്ചേരി നിയമസഭ മണ്ഡലം. 'കോണി'യുമായി വരുന്നവരെയെല്ലാം വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് പറഞ്ഞയക്കുന്നതാണ് മഞ്ചേരിയുടെ ശീലം. 1967ന് ശേഷം ഈ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ രണ്ട് തവണ നിയമസഭയെ പ്രതിനിധീകരിച്ചതും മഞ്ചേരിയിൽ നിന്നാണ്.
മഞ്ചേരി നഗരസഭയും, കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മഞ്ചേരി നിയമസഭ മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതോടെ അഞ്ച് തദ്ദേശസ്ഥാപനങ്ങളിലും ഭരണം യു.ഡി.എഫിനൊപ്പമാണ്. ഈ പ്രകടനം നിയമസഭ തിരഞ്ഞെടുപ്പിലും തുടരാനാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ.
ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും, പാർട്ടി ദേശീയ സമിതിയിലും സംസ്ഥാന പ്രവർത്തക സമിതിയിലും അംഗവുമായ അഡ്വ.യു.എ. ലത്തീഫ് യു.ഡി.എഫിനായി കളത്തിലിറങ്ങിയപ്പോൾ സി.പി.ഐയ്ക്ക് ലഭിച്ച സീറ്റിൽ പാണ്ടിക്കാട് സ്വദേശിയും സി.പി.ഐ നേതാവുമായ നാസർ ഡിബോണയും എൻ.ഡി.ഐക്കായി ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.രഷ്മിൽ നാഥുമാണ് മത്സരിക്കുന്നത് .
മൂന്ന് പേരും മണ്ഡലത്തിലെ മുഴുവൻ ഭാഗങ്ങളിലും ഇതിനോടകം പര്യടനം പൂർത്തിയാക്കി കഴിഞ്ഞു. റോഡ് ഷോ, പൊതുയോഗം, കുടുബയോഗങ്ങൾ വീടുകൾ തോറുമുള്ള വോട്ടഭ്യർത്ഥന തുടങ്ങിയവയും പൂർത്തിയായി ഇപ്പോൾ അന്തിമഘട്ട പര്യടനത്തിലാണിപ്പോൾ മൂന്ന് മുന്നണികളും. കൂടാതെ ഡിജിറ്റൽ പ്രചരണങ്ങളും കൂടിയായപ്പോൾ മുൻ വർഷത്തെക്കാളുപരി ആവേശചൂട് നേരിട്ട് വോട്ടർമാരിലേക്കെത്തുന്നുണ്ട്. പോസ്റ്ററുകൾ, വീഡിയോ, മോഷൻ ഗ്രാഫിക്ക്സ്, റ്റുഡി, ത്രിഡി ആനിമേഷൻ വീഡിയോ പോസ്റ്ററുകൾ തുടങ്ങി എല്ലാ സാദ്ധ്യതകളും ഉപയോഗപെടുത്തിയാണ് നവ മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചരണം കൊഴുപ്പിക്കുന്നത്.
1957ലും 1960ലും നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.പി.ഉമ്മർ കോയയാണ് വിജയിച്ചത്. 1967ൽ മുസ്ലിം ലീഗിലെ എം.ചടയൻ വിജയിച്ചു. പിന്നീട് മണ്ഡലം ലീഗിനെ കൈവിട്ടിട്ടില്ല. 1977ൽ എം.പി.എം. അബ്ദുള്ള കുരിക്കൾ മഞ്ചേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1980ലും 82ലും സി.എച്ച്. മുഹമ്മദ് കോയ വിജയിച്ചു. പിന്നീട് തുടർച്ചയായി അഞ്ച് തവണ ഇസ്ഹാഖ് കുരിക്കൾ മഞ്ചേരിയെ പ്രതിനീധീകരിച്ച് സഭയിലെത്തി. 2001ൽ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഇസ്ഹാഖ് കുരിക്കൾ വിജയിച്ചത്. 2006ൽ പി.കെ അബ്ദുറബ്ബും 2011ലും 2016ലും അഡ്വ.എം.ഉമ്മറും മഞ്ചേരിയുടെ ജനപ്രതിനിധികളായി. മഞ്ചേരി മണ്ഡലത്തിലെ പ്രചരണത്തിന്റെ ആവേശചൂട് അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ തിരഞ്ഞ വിജയപ്രതീക്ഷയിലാണ് പ്രവർത്തകരും.