election

മലപ്പുറം: ബാലറ്റിൽ ജനം വിധി എഴുതാൻ ഇനി മുന്ന് നാൾ മാത്രം. മണ്ഡലത്തിലെ ഒരു ഇടവും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കുംവിധം ഇന്നും നാളെയും പൊടിപാറും പ്രചാരണങ്ങളാവും അരങ്ങേറുക. മണ്ഡലത്തിൽ ഒരുറൗണ്ട് കൂടി ഓടിയെത്താനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. അവധി ദിവസങ്ങൾ കൂടി ആയതിനാൽ ആളുകൾ വീടുകളിൽ ഉണ്ടാവുമെന്നത് അവസരമാക്കാനാണ് ശ്രമം. ചെറുതും വലുതുമായ പൊതുയോഗങ്ങളും കുടുംബയോഗങ്ങളും പരമാവധി നടത്തും. മാതൃകാ ബാലറ്റുമായി പ്രവർത്തകർ വീടുകളിലെത്തി സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും ക്രമ നമ്പറും പരിചയപ്പെടുത്തും. ശക്തമായ മത്സരമുള്ള ഇടങ്ങളിൽ അപരന്മാർ പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമാണ്. പല മണ്ഡലങ്ങളിലും അപര ശല്യം രൂക്ഷമാണ്. സ്ഥാനാർത്ഥിയുടെ വോട്ടഭ്യാർത്ഥനയുമായി ഇതിനകം തന്നെ പ്രവർത്തകർ വീടുകൾ കയറി ഇറങ്ങിയിട്ടുണ്ട്. പരസ്യപ്രാചരണം അവസാനിക്കുന്നതിന് മുമ്പായി വലിയ റാലികൾ നടത്താനും മുന്നണികൾക്ക് പദ്ധതിയുണ്ട്. ഇതിനകം തന്നെ മണ്ഡലത്തിൽ ഒന്നിലധികം തവണ റോഡ് ഷോ നടത്തിയ സ്ഥാനാർത്ഥികളുണ്ട്. ചില മണ്ഡലങ്ങളിൽ മൂന്ന് റൗണ്ട് വരെ പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർത്ഥികളുണ്ട്. എന്നാൽ ഭൂരിഭാഗം മണ്ഡലങ്ങളിലും പ്രചാരണം രണ്ടാംഘട്ടം പൂർത്തിയാവുന്നതേയുള്ളൂ.

സ്റ്റാർ പ്രചാരകരെ പരമാവധി എത്തിച്ച് പ്രചാരണം കളർഫുൾ ആക്കിയുട്ടുണ്ട് പാർട്ടികൾ. യു.ഡി.എഫിനായി രാഹുൽ ഗാന്ധിയും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം മുൻനിര നേതാക്കളെല്ലാം ജില്ലയിലെത്തി പ്രചാരണം നടത്തി. എൽ.ഡി.എഫ് കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ ഇന്നലെ പൊന്നാനിയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുത്തു. എൻ.ഡി.എയുടെ പ്രചാരണ പരിപാടികൾക്കായി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ജില്ലയിലെത്തും. ബി.ജെ.പി മുൻദേശീയ വക്താവും ബിഹാർ വ്യവസായ വകുപ്പ് മന്ത്രിയുമായ ഷാനവാസ് ഹുസൈൻ ഇന്ന് വളാഞ്ചേരിയിലും താനൂരിലും തിരൂരിലും നടക്കുന്ന റോഡ് ഷോകളിൽ പങ്കെടുക്കും.