kanayya
കനയ്യകുമാർ ആസാദി മുദ്രാവാക്യം വിളിക്കുന്നു

എടവണ്ണ: വർഗീയതക്കുള്ള മറുപടി മതേതരത്വമാണെന്നും ഗുജറാത്ത് മോഡലിനുള്ള ഉത്തമ മറുപടിയാണ് കേരള മോഡൽ എന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം കനയ്യകുമാർ പറ‍ഞ്ഞു. ഏറനാട് മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കെ.ടി.അബ്ദുറഹ്മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമയി എടവണ്ണയിൽ എൽ.ഡി.വൈ.എഫ് സംഘടിപ്പിച്ച യുവജന സംഗമം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ഫാസിസ്റ്റുകൾ ഹിന്ദുവിനെയും, മുസ്‌ലിമിനെയും അമ്പലത്തിന്റെയും പള്ളിയുടെയും പേര് പറഞ്ഞ് തമ്മിലടിപ്പിക്കുകയാണ്. അതുകൊണ്ട് തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിനും, രാജ്യത്തിനും പ്രാധാന്യമുള്ളതാണ്. നാനാത്വത്തിൽ ഏകത്വം പോലെ ഈ മാസം ഈസ്റ്റർ, ഹോളി, റമദാൻ, വിഷു എല്ലാം ആഘോഷിക്കപ്പെടുന്നു. ഇതാണ് നമ്മുടെ സമൂഹത്തിന്റെ വൈവിധ്യം. എന്നാൽ വർഗീയ ഫാസിസ്റ്റുകൾ സാമുദായിക രാഷ്ട്രീയം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഗുജറാത്ത്, കേരള എന്നീ രണ്ട് മോഡലുകളാണ് ഉള്ളത്. ഇതിൽ ഗുജറാത്ത് മോഡൽ വർഗീയ ഫാസിസത്തിന്റേതാണെങ്കിൽ കേരളമോഡൽ വികസനത്തിന്റേയും ക്ഷേമത്തിന്റേയുമാണെന്ന്.
സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നതാണെന്ന് കനയ്യകുമാർ വിമർശിച്ചു. ഇതിനെയാണ് ഗുജറാത്ത് മോഡൽ എന്ന് വിളിക്കുന്നത്. എന്നാൽ കേരളത്തിൽ നല്ല വിദ്യാഭ്യാസവും പൊതുജനാരോഗ്യവും നല്ലവികസനവും ജനങ്ങൾക്ക് നൽകി ഇന്ത്യക്കുതന്നെ മാതൃകയാവുകയാണ്. ജെ.എൻ.യു സമരമുഖത്തെ പലരും ഇപ്പോഴും ജയിലിലാണ്. കേന്ദ്രസർക്കാരിനെതിരേ സംസാരിക്കുന്നവരെയും ഉറക്കെ സത്യം വിളിച്ചുപറയുന്നവരെയും ജയിലിലടയ്ക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പി. ടി സലാം,​ നിസാർ,​ സി.ദിവാകരൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.കെ. മുബശിർ, കെ.ജിനേഷ്, എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം സഫീർ കിഴിശ്ശേരി, മാലങ്ങാടൻ അഷ്രഫ് തുടങ്ങിയവർ സംസാരിച്ചു. കെ.റഹീം അദ്ധ്യക്ഷത വഹിച്ചു.

ആസാദിവിളിയിൽ ഉണർന്ന് പാടി സദസ്സ്

ആസാദി വിളിച്ചുകൊണ്ടാണ് കനയ്യകുമാറിനെ വേദിയിലേക്ക് വരവേറ്റത്. 2016ലെ സമരത്തെത്തുടർന്ന് ജയിലിലായ കനയ്യകുമാർ ജയിലിൽ നിന്നിറങ്ങിയ ഉടൻ പട്ടാമ്പിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായ മുഹ്സിനുവേണ്ടി വോട്ട് തേടിയെത്തിയിരുന്നു. ശാരീരിക അവശതകൾക്കിടയിലാണ് പട്ടാമ്പിയിൽ വന്ന് വോട്ടഭ്യർഥിച്ചതും ആസാദി ഗാനം ആലപിച്ചതും. ഇക്കുറിയും നേരത്തേതന്നെ കനയ്യകുമാർ സംസാരിച്ച് വേദി വിടാനൊരുങ്ങുമ്പോൾ സദസ്സിലെ പ്രവർത്തകർ ആസാദി വിളിച്ചു. ഉടൻ വീണ്ടും മൈക്കിന് മുന്നിലെത്തി ആസാദി ഗാനം ഉറക്കെ പാടുകയായിരുന്നു.
ഡോലിന്റെ താളമുണ്ടായിരുന്നില്ലെങ്കിലും ഓരോ മുദ്രാവാക്യം വിളിക്കുമ്പോയും സദസ്സ് ആസാദി എന്ന് ഏറ്റുപാടുകയായിരുന്നു.