കുറ്റിപ്പുറം : ജില്ലയിൽ ഏറ്റവുമധികം ആവേശം സ്ഫുരിക്കുന്ന പോരാട്ടം ഏതെന്ന ചോദ്യത്തിന് മറ്റൊരുത്തരമുണ്ടാവില്ല. മന്ത്രി കെ.ടി. ജലീലിനെതിരെ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ യു.ഡി.എഫ് രംഗത്തിറക്കിയതോടെയാണ് തവനൂർ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്‌ഡലമായി മാറിയത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി രമേശ് കോട്ടയപ്പുറത്ത് കൂടി രംഗത്തെത്തിയതോടെ പ്രവചനാതീതമാണ് മത്സരം.
എല്ലാ പാർട്ടികളും കുടുംബയോഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മുൻ തിരഞ്ഞെടുപ്പുകളിലേക്കാൾ കൂടുതൽ കുടുംബയോഗങ്ങൾ ഇത്തവണ മൂന്നുമുന്നണികളും നടത്തിക്കഴിഞ്ഞു. കുടുംബയോഗങ്ങളിലെ വലിയ സ്ത്രീ പങ്കാളിത്തത്തിലാണ് മുന്നണികൾ പ്രതീക്ഷയർപ്പിക്കുന്നത്.
പ്രചാരണച്ചൂടിനിടെ കടുത്ത ആരോപണ, പ്രത്യാരോപണങ്ങൾ ഫിറോസും ജലീലും തമ്മിലുണ്ടായത് മത്സരത്തിന്റെ വീറും വാശിയും കൂട്ടി. സർവേ ഫലങ്ങളിൽ മണ്‌ഡലത്തിലെ വിജയസാദ്ധ്യതാ പ്രവചനം പലവിധത്തിലായതും ആകാംക്ഷ വർദ്ധിച്ചു.
സുപരിചിതൻ
പത്തുവർഷത്തോളമായി എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനമാണ് ജലീലിന്റെ ബലം. മണ്ഡലത്തിന് അങ്ങേയറ്റം സുപരിചിതൻ. വ്യക്തിബന്ധങ്ങളേറെ. ജലീലിന്റെ ജനകീയ ഇമേജ് പോളിംഗ് ബൂത്തിൽ വോട്ടായി മാറുമെന്ന് ഇടതുകേന്ദ്രങ്ങൾ വിശ്വസിക്കുന്നു. തവനൂർ ഗവ.കോളേജ്, നരിപ്പറമ്പിലെ കുടിവെള്ള പദ്ധതി, സമാപ്തിയോടടുക്കുന്ന എടപ്പാൾ മേൽപ്പാലം എന്നിവ ജലീലിന്റെ വികസന പദ്ധതികളുടെ ഉദാഹരണങ്ങളാണ്. വികസനത്തിനൊപ്പം നിരവധി ജീവകാര്യണ്യ, ക്ഷേമ പ്രവർത്തനങ്ങളും ജലീലിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.
മികച്ച ഇമേജ്
ചാരിറ്റി പ്രവർത്തകൻ എന്ന നിലയിലുള്ള ഫിറോസിന്റെ ഇമേജ് വിജയം അനായാസമാക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സ്ത്രീവോട്ടുകൾ ഫിറോസിനനുകൂലമായി മാറുമെന്നും അവർ കണക്കുകൂട്ടുന്നു. പ്രചാരണ വേളയിൽ മാദ്ധ്യമശ്രദ്ധയ്ക്കൊപ്പം വലിയ തോതിലുള്ള ജനക്കൂട്ടത്തെ ആകർഷിക്കാനും ഫിറോസിന് കഴിഞ്ഞു. സാധാരണക്കാരന് ഏറ്റവും അനിവാര്യമായ ഘട്ടങ്ങളിൽ താങ്ങായെത്തുന്നയാളെന്ന ഇമേജ് പ്രചാരണ സ്ഥലങ്ങളിൽ വലിയ സ്വീകാര്യത ഫിറോസിന് നേടിക്കൊടുത്തു.
പയറ്റാൻ തന്നെ
വോട്ടുകൾ കൂട്ടുകയല്ല, വിജയം തന്നെയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് എൻ.ഡി.എ ഇത്തവണ മത്സരരംഗത്തുള്ളത്. ബി.ഡി.ജെ.എസിന് ലഭിച്ച സീറ്റിൽ രമേഷ് കോട്ടയപ്പുറത്താണ് മത്സരരംഗത്തുള്ളത്. ബിസിനസ് രംഗത്ത് പേരെടുത്ത രമേഷ് ചിട്ടയായ പ്രചാരണമാണ് കാഴ്ചവച്ചിട്ടുള്ളത്. സംഘടനാരംഗത്ത് മികവ് തെളിയിച്ച രമേഷിന്റെ നേതൃപാടവം പ്രചാരണ രംഗത്ത് ഏറെ ഗുണം ചെയ്തു. വികസനമെന്ന മുദ്രാവാക്യമാണ് എൻ.ഡി.എ മണ്ഡലത്തിലുയർത്തിയത്. ഇരുകൂട്ടരുടെയും അഴിമതിയും വികസനത്തിലെ മെല്ലെപ്പോക്കും പ്രചാരണായുധമാക്കി . തികഞ്ഞ പ്രതീക്ഷയിലാണ് എൻ.ഡി.എ ക്യാമ്പും.
ഘടകങ്ങൾ ഏറെ